പൂർണ്ണതയിലേക്കുള്ള നവരാത്രി
ആസുരശക്തികളും ദൈവീകശക്തികളും തമ്മിലുള്ള യുദ്ധം മനുഷ്യന്റെ ഉള്ളിലും പുറത്തും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ആ യുദ്ധത്തിൽ ദൈവീകശക്തികൾക്ക് വിജയമുണ്ടാകണമെങ്കിൽ മനുഷ്യന്റെ പ്രയത്നം മാത്രം പോരാ, ഈശ്വരകൃപയും കൂടിവേണം. ആ കൃപയെ ഉണർത്താനുള്ള ഓരോ ജീവന്റെയും പരിശ്രമത്തിന്റെ പ്രതീകമാണ് നവരാത്രി. ഉത്സവം എന്നതിലുപരി നവരാത്രി സാധനയുടെയും തപസിന്റെയും പൂജയുടെയും വ്രതനിഷ്ഠയുടെയും കാലമാണ്. അതിലൂടെ മനസിനെ ശുദ്ധീകരിച്ച് പരാശക്തിയുടെ കൃപയ്ക്ക് പാത്രമായി ജീവാത്മാവ് പൂർണത പ്രാപിക്കുന്ന തത്ത്വമാണ് വിജയദശമി.
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി ലയങ്ങൾക്ക് കാരണമായ ശക്തി സ്വരൂപിണിയാണ് ദേവി. നർത്തകനും നൃത്തവും പോലെ അഭേദ്യമാണ് ദേവിയും പ്രപഞ്ചവും. പ്രപഞ്ചത്തിന്റെ അമ്മയായതിനാൽ ജീവസമൂഹത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഈശ്വരഭാവവും ദേവിയുടേതാണ്. എല്ലാ ആപത്തുകളിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുകയും ആവശ്യമുള്ളതെല്ലാം നൽകി പരിപാലിക്കുകയും ചെയ്യുകയെന്നത് അമ്മയുടെ ധർമ്മമാണല്ലോ. അതുതന്നെയാണ് ജഗദംബ ചെയ്യുന്നത്. ഒമ്പതുദിവസത്തെ വ്രതനിഷ്ഠയ്ക്കും പൂജയ്ക്കും ശേഷമുള്ള വിജയദശമി വിജയത്തിന്റെയും ജ്ഞാനത്തിന്റെയും പൂർണ്ണതയുടെയും പ്രതീകമാണ്. വിദ്യാരംഭം മാത്രമല്ല എല്ലാ ശുഭകർമ്മങ്ങളും ആരംഭിക്കാനുള്ള ഉത്തമ അവസരമാണ് വിജയദശമി. കേവലം ബുദ്ധിതലത്തിൽ മാത്രം നില്ക്കാതെ അറിവ് നമ്മുടെ ജീവിതത്തിൽ സ്വാംശീകരിക്കാൻ കഴിയണം.
ഒരിക്കൽ രാജ്യത്തെ മന്ത്രി ഒരു മഹാത്മാവിനെ കാണാൻ ചെന്നു. രാജ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥനായിരുന്നു മന്ത്രി. എന്നാൽ മഹാത്മാവിന് ശാരീരികമായി അല്പം ബുദ്ധിമുട്ടുള്ള സമയമായതിനാൽ സന്ദർശകരെ കാണുന്നുണ്ടായിരുന്നില്ല. അതിനാൽ ബുദ്ധിമാനായ അദ്ദേഹത്തിന്റെ ശിഷ്യൻ മന്ത്രിയുടെ പ്രശ്നങ്ങൾ ആരാഞ്ഞു. എല്ലാംകേട്ടശേഷം എല്ലാ പ്രശ്നങ്ങൾക്കും ശിഷ്യൻ പരിഹാരം നിർദ്ദേശിച്ചു. എന്നിട്ടും മന്ത്രിക്ക് തൃപ്തിയായില്ല. പെട്ടെന്ന് ഗുരു മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. രണ്ടു മിനിറ്റിനുള്ളിൽ അവരുടെ സംഭാഷണം അവസാനിക്കുകയും ചെയ്തു. എന്നാൽ ശിഷ്യനുമായി അരമണിക്കൂർ സംസാരിച്ചിട്ടും കിട്ടാത്ത ശാന്തിയും സംതൃപ്തിയും ഗുരുവുമായുള്ള സംഭാഷണത്തിലൂടെ മന്ത്രിക്കു ലഭിച്ചു. ശിഷ്യൻ ഗുരു പറയുന്നതെല്ലാം ശ്രദ്ധിച്ച് കേൾക്കുന്നുണ്ടായിരുന്നു. ഗുരുവും ശിഷ്യനും പറഞ്ഞത് ഫലത്തിൽ ഒന്നു തന്നെയായിരുന്നു. എന്നാൽ ഗുരു തന്റെ അറിവ് ജീവിതത്തിൽ സ്വാംശീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അറിവ് അനുഭൂതിയായി തീർന്നിരുന്നു. അതിനാൽ മന്ത്രിക്ക് ശാന്തി പകരാൻ ആ വാക്കുകൾക്ക് കഴിഞ്ഞു. വിജയദശമി നാളിൽ പ്രഭാതത്തിൽ കൊച്ചുകുഞ്ഞുങ്ങളെ കൈപിടിച്ച് അറിവിന്റെ ലോകത്തിലേക്കാനയിക്കുന്ന വിദ്യാരംഭമാണ് കേരളത്തിലെ ഏറ്റവും പ്രധാന ചടങ്ങ്. സരസ്വതി വിദ്യകളുടെയും കലകളുടെയും ജ്ഞാനത്തിന്റെയും ദേവിയാണ്, അക്ഷരസ്വരൂപിണിയാണ്. അക്ഷരമെന്നാൽ ക്ഷരമല്ലാത്തത്, നാശമില്ലാത്തത് എന്നർത്ഥം. അനശ്വരമായതിനെ സാക്ഷാത്കരിക്കുക എന്നതാണ് അക്ഷരപൂജയുടെ പരമമായ ലക്ഷ്യം. ആ പരമമായ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് വിദ്യാരംഭം. ദേവിയുടെ അനുഗ്രഹത്താൽ ലോകജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ അറിവും ആദ്ധ്യാത്മിക പാതയിൽ മുന്നേറാനുള്ള അറിവും ഒരുപോലെ നമുക്ക് ലഭിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്ന് ജ്ഞാനമാകുന്ന പ്രകാശത്തിലേക്ക് പ്രവേശിക്കുന്ന പരമമായ വിജയത്തിന്റെ തത്ത്വമാണ് നവരാത്രിയുടേത്. അതിലേയ്ക്ക് ഉണരാൻ ജഗദംബ നമ്മളിൽ കൃപ ചൊരിയട്ടെ.