'സിംഗിൽ' അച്ചാറിൽ പലതുണ്ട് കാര്യങ്ങൾ
ഇലയുടെ മൂലയിൽ ഒതുങ്ങേണ്ട വെറുമൊരു തൊടുകറിയല്ല അച്ചാറെന്നും ഏതും വിഭവത്തിനും ചേരുന്ന 'തൊടുകുറി"യാണെന്നും തെളിയിക്കുകയാണ് സിംഗിൾ ബോബൻ. പാരമ്പര്യത്തനിമകളും കൈപ്പുണ്യവും ഒത്തുചേർന്ന വൈവിദ്ധ്യമാർന്ന അച്ചാറുകളുമായി 'സിംഗിൾ ബോബൻ ഹോം മെയ്ഡ് പിക്കിൾസ് ആൻഡ് സ്പൈസസ്' വിപണിയിൽ രുചിയുടെ പൂക്കാലമൊരുക്കുന്നു. പഴമയുടെ രുചി ഒരിക്കലെങ്കിലും അറിഞ്ഞവർക്കോ പറഞ്ഞുകേട്ടവർക്കോ ഇതു വാങ്ങാതിരിക്കാനാവില്ല എന്നുറപ്പുണ്ട്. എറണാകുളം ഇടപ്പള്ളി ഉണിച്ചിറയിൽ തുടക്കമിട്ട സംരംഭം സൂപ്പർഹിറ്റ്. സോഷ്യൽ മീഡിയയിൽ ഏവർക്കും സുപരിചിതയായ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരിയുമായ സിംഗിളിന്റെ രുചിക്കൂട്ടുകളെ ആയിരങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ഓൺലൈനിലാണ് വിൽപനയെങ്കിലും കടകളിലും മാളുകളിലും ഉടൻ ഇടംപിടിക്കും. രാജ്യാന്തര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമ്മാണം. സിംഗിളിന്റെ കൈപ്പുണ്യം പൊതിച്ചോറിലൂടെ ഒട്ടേറെ ആരാധകർ നേരത്തേ അറിഞ്ഞിട്ടുണ്ട്. വീട്ടിൽ സ്വന്തമായി പാചകം ചെയ്ത് നേരിട്ടും ഓൺലൈൻ വഴിയും നാടൻ വിഭവങ്ങളാൽ സമൃദ്ധമായ പൊതിച്ചോറ് നൽകിയിരുന്നു. ഊണിനായി അച്ചാറുണ്ടാക്കുന്നതിനിടെയുള്ള ഒരു വീഡിയോ പ്രോഗ്രാം കണ്ടവരുടെ ശ്രദ്ധ അച്ചാറിലേക്കു തിരിഞ്ഞതാണ് ഈ സംരഭത്തിലേക്കു വഴിയൊരുക്കിയത്. തയ്യാറാക്കുന്ന രീതി എല്ലാവർക്കും ഇഷ്ടമായി. സംഗതി തട്ടിക്കൂട്ടല്ല എന്നു ബോദ്ധ്യമായി. വീഡിയോ കണ്ടവർ, ഊണിനു പുറമേ അച്ചാറുകൾ ആവശ്യപ്പെട്ടും വിളിച്ചു തുടങ്ങി. ആവശ്യക്കാർ പെരുകിയതോടെ വിശ്രമമില്ലാതായി. ഒരു ദിവസം ആയിരത്തിലേറെ ഫോൺ കാളുകളാണ് എത്തുന്നത്. ഊണിനായി രണ്ടുകിലോ അച്ചാറാണ് ഓരോ തവണയും തയ്യാറാക്കിയിരുന്നത്. അത് 25 കിലോ ആയതോടെ അച്ചാറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. വിദേശരാജ്യങ്ങളിൽനിന്നും വിളികളെത്തിയതോടെ അച്ചാർനിർമ്മാണ സംരംഭം വിപുലമായി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. തിരക്കുകൂടിയതോടെ, സൗദിയിൽ എൻജിനീയറായ ഭർത്താവ് ബോബൻ സഹായത്തിനെത്തിയിട്ടുണ്ട്. സംരംഭം വിപുലമാക്കാനുള്ള ആലോചനയിലാണ്. ഇതിനായി ഹൈടെക് യന്ത്രസംവിധാനങ്ങൾ സജ്ജമാക്കി (ഗൾഫിൽ ബാച്ലേഴ്സ് ഫ്ലാറ്റുകളിൽ ഉൾപ്പെടെ അച്ചാറുകൾ ഒരിക്കലും ഒഴിയാറില്ല. അവധി കഴിഞ്ഞെത്തുന്നവർ ഏറ്റവും കൂടുതൽ കൊണ്ടുവരുന്നത് ഇതുതന്നെ. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം 'ബഡാഖാന" കഴിക്കുന്ന വലിയൊരു വിഭാഗം ചോറിനും ഖുബ്ബൂസിനും റൊട്ടിക്കുമെല്ലാം ഒപ്പം അച്ചാറും തൈരും ഉൾപ്പെടുത്തുന്നു). നല്ലതെന്തും കൈനീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് ഭക്ഷണം. നല്ല ഭക്ഷണം തേടി എത്ര ദൂരെ വേണമെങ്കിലും പോകുന്നവർ സിംഗിൾ പിക്കിളിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
'സിംഗിൾ' പിക്കിളിൽ മൾട്ടിപ്പിൾ കാര്യങ്ങൾ അച്ചാറുകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇതിനെന്താണു പ്രത്യേകതയെന്ന ചോദ്യം സ്വാഭാവികം. ഇതിലെ ഓരോ ചേരുവയും അതിനുള്ള ഉത്തരമാണെന്ന് കലർപ്പില്ലാത്ത ആത്മവിശ്വാസത്തോടെ സിംഗിൾ പറയുന്നു. മുളകു മുതലുള്ള സകല സാധനങ്ങളും ഉയർന്ന നിലവാരമുള്ളതു വാങ്ങി കഴുകിയുണക്കി സ്വന്തമായി പൊടിച്ചെടുക്കുന്നു. അച്ചാർ കേടാകാതിരിക്കാൻ രാസഘടകങ്ങളൊന്നും ചേർക്കുന്നില്ല. നിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ചയില്ല. അച്ചാറിന് കഴിയുന്നതും നാടൻ മാങ്ങയും നാരങ്ങയുമെല്ലാം ഉപയോഗിക്കുന്നു. ലഭ്യതക്കുറവ് ഉള്ളതിനാൽ തമിഴ്നാട്ടിൽനിന്നും മറ്റും എത്തുന്ന മാങ്ങകളിൽനിന്ന് അനുയോജ്യമായത് വരുത്തുന്നു. അടുത്തസീസണിൽ നാട്ടുമാങ്ങ കൂടുതലായി സ്റ്റോക്ക് ചെയ്യും. ഏതു സാധനവും വാങ്ങുന്നത് നേരിട്ടാകണമെന്നു നിർബന്ധമുണ്ട്. മീൻ മുനമ്പത്തു നേരിട്ടുപോയാണ് വാങ്ങുന്നത്. പോത്തിറച്ചിയേ ഉപയോഗിക്കൂ. കഴിച്ച് നല്ലതാണെന്നു ബോദ്ധ്യപ്പെട്ടാലേ നൽകൂ.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു! കുട്ടനാട്ടിൽ കഷ്ടപ്പാടുകളുടെ സമൃദ്ധിയിൽ വളർന്ന ബാല്യകാലത്ത് എല്ലാം തനിയെ ചെയ്തു പഠിച്ചതാണ്. അടുക്കളയിൽ മുത്തശ്ശിയുടെ പാചകം കണ്ടുവളർന്ന സിംഗിളിന് ആ 'മാന്ത്രിക കൈകളിലെ' രുചി രഹസ്യങ്ങൾ കൈമാറുകയായിരുന്നു. കലർപ്പില്ലാത്തതും രുചികരവുമായ നല്ല ഭക്ഷണം ലാഭം നോക്കാതെ നൽകുന്നതിനോളം നന്മയുള്ള ഒരു കാര്യവും ലോകത്തില്ലെന്ന ആദ്യപാഠമാണ് ബാല്യത്തിൽ പഠിച്ചത്.
മറുനാട്ടിലും ഹിറ്റായി തനിനാടൻ ദിവസങ്ങൾക്കുള്ളിൽ ഹിറ്റായ അച്ചാറുകൾ കടൽകടന്നു തുടങ്ങി. വിദേശത്തുനിന്ന് അവധിക്കെത്തുന്നവർ ഒന്നും രണ്ടും കിലോ അച്ചാർ വാങ്ങിയാണ് മടങ്ങുന്നത്. ഓരോ ദിവസവും 25 കിലോ വീതമുള്ള നാലോ അഞ്ചോ അച്ചാറുകളാണ് തയ്യാറാക്കുന്നത്. അതിന് അത്യാധുനിക സംവിധാനങ്ങളുമുണ്ട്. ഓരോ ഘട്ടത്തിലും സിംഗിളിന്റെ മേൽനോട്ടമുണ്ട്.
എന്തൊക്കെയുണ്ട്? അച്ചാർ: കട്ട് മാങ്ങ, നാരങ്ങ, വെളുത്തുള്ളി, പോത്തിറച്ചി, കേര, ചെമ്മീൻ, നെല്ലിക്ക, നെയ്മീൻ, കുടുമാങ്ങ, കക്കയിറച്ചി, പാവയ്ക്ക, ഡേറ്റ്സ്-നാരങ്ങ മിക്സ്, വെള്ള നെല്ലിക്ക, വെള്ള നാരങ്ങ, ഉണക്കസ്രാവ്, പാവയ്ക്ക-കാരറ്റ് മിക്സ്, ബീറ്റ്റൂട്ട്, ഇഞ്ചി, ആന്ധ്ര സ്റ്റൈൽ മാങ്ങ. കൂടുതൽ അച്ചാറുകൾ തയ്യാറാക്കുന്നത് പരിഗണനയിലാണ്. ഒരുപാട് യാത്രകൾ നടത്തുന്ന മലയാളികൾ ലോകത്തെ സകല അച്ചാറുകളും രുചിച്ചവരാണെന്നറിയാം. പൊടികൾ: മുളക്, കാശ്മീരി മുളക്, മല്ലി, മഞ്ഞൾ, ചിക്കൻ മസാല, ഫിഷ് മസാല, സാമ്പാർ പൊടി, ഗരം മസാല മറ്റു സാധനങ്ങൾ: നെല്ലിക്ക വരട്ട് (നെല്ലിക്ക, കരിപ്പട്ടി, 18 ആയുർവേദ മരുന്നുകൾ എന്നിവ ചേർത്തുണ്ടാക്കുന്നത്), കർക്കടക കഞ്ഞിക്കൂട്ട്, ചമ്മന്തിപ്പൊടി, ബദാം, കശുവണ്ടി, റാഗിപ്പൊടി, ചാമയരി, തിനയരി, ചോളപ്പൊടി, കുതിരവാലി, വരക്, കമ്പ്, യവം, അവലോസ്പൊടി, ചിയ സീഡ്. നോൺവെജിൽ കേര, പോത്തിറച്ചി, ചെമ്മീൻ അച്ചാറുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. വെജിൽ കടുമാങ്ങ, മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിവയ്ക്ക്.
മൂന്നുമാസം, മൂന്നുയൂണിറ്റുകൾ മൂന്നു മാസത്തിനിടെ മൂന്നു യൂണിറ്റുകൾ തുടങ്ങാൻ കഴിഞ്ഞതാണ് 'സിംഗിൾ" രുചിയുടെ മറ്റൊരു ഗ്യാരന്റി. ഇടപ്പള്ളിക്ക് പിന്നാലെ കോതമംഗലം തങ്കളത്തു തുടങ്ങി. ചെങ്ങന്നൂർ ചെറിയനാട് ആണ്ടേത്ത് ബിൽഡിംഗിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളിലും, അയൽ സംസ്ഥാനങ്ങളിലും, ഗൾഫ് രാജ്യങ്ങളിലും ഘട്ടംഘട്ടമായി തുടങ്ങും.
വീട്ടമ്മമാരുടെ കൂട്ടായ്മ വീട്ടമ്മമാരുടെ കൂട്ടായ്മയായ ഈ പ്രസ്ഥാനം വനിതാശാക്തീകരണ പദ്ധതിക്ക് മാതൃക. സാധാരണക്കാരായ വനിതകളെ സിംഗിൾ പരിശീലിപ്പിക്കുകയായിരുന്നു. കർശന നിർദ്ദേശങ്ങളോ കഠിന ജോലികളോ മറ്റു പരുക്കൻ സാഹചര്യങ്ങളോ ഈ 'വനിതാശ്രീ" സംരഭത്തിലില്ല. എല്ലാവരും കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നു. പക്ഷേ, ശുചിത്വത്തിലോ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിലോ ഒട്ടുമില്ല വിട്ടുവീഴ്ച.
ജീവിതം തന്നെ സന്ദേശം ജീവിതത്തിലെ കഠിനപരീക്ഷണങ്ങളിൽ തളരാതെ വളർന്ന സിംഗിളിന്റെ ജീവിതം വനിതകൾക്ക് വലിയൊരു സന്ദേശമാണ്. വീഡിയോ പരിപാടി ഒരുതവണ എങ്കിലും കണ്ടവർക്ക് ഇക്കാര്യം ബോദ്ധ്യമാകും. എന്താണ് പെണ്ണെന്നും എന്താവണും പെണ്ണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്തിയവൾ വനിതാശാക്തീകരണത്തിന്റെ അത്യപൂർവ മാതൃകയാണ്. സിംഗിൾ എന്ന പേരിലുമുണ്ട് അത്യപൂർവത. പത്താം ക്ലാസുകാരിയായ ഈ മോട്ടിവേറ്റർ ഉന്നത ഉദ്യോഗസ്ഥരെ വരെ ആത്മഹത്യകളിൽനിന്നു മടക്കിക്കൊണ്ടുവരുന്നു. ഒരിക്കൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടതിനാൽ ഇനിയൊരിക്കലും തോൽക്കരുതെന്ന നിർബന്ധവുമുണ്ട്. ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തിയിൽ കഷ്ടപ്പാടുകളിൽ ജീവിച്ച പെൺകുട്ടിയെ ഇന്നു കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ 'ഫോളോ' ചെയ്യുന്നു. ഗുരുവായൂർ അമ്പലനടയിൽനിന്നാണ് തന്റെ ജീവിതം ഇപ്പോഴത്തെ നിലയിലേക്ക് വഴിമാറിയൊഴുകിയതെന്നു വിശ്വസിക്കുന്നു. എല്ലാറ്റിനും കടപ്പാട് സിംഗിളിനെ ഡബിൾ സ്ട്രോംഗ് ആക്കിയ ഗുരുവായൂരപ്പനോട്. പിറക്കുംമുമ്പേ അച്ഛൻ ഉപേക്ഷിച്ചുപോയ സിംഗിളിനെ നാലാംവയസിൽ അമ്മയും ഉപേക്ഷിച്ചു. അമ്മവീട്ടിൽ ഒറ്റപ്പെട്ടുപോയവൾ ശാപങ്ങൾ കേട്ടാണ് വളർന്നത്. ചെറിയ പ്രായത്തിൽ തന്നെ സകല വീട്ടുപണികളും പഠിച്ചു. ബന്ധുവീടുകളിലെല്ലാം വീട്ടുജോലിക്കാരുടെ സ്ഥാനമാണ് ലഭിച്ചത്. ഊണുമേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആദ്യവിവാഹവും ദുരന്തമായിരുന്നു. ആ ബന്ധത്തിൽ രണ്ടു പെൺകുട്ടികൾ. മൂത്തമകൾ അനു, ഭർത്താവിനൊപ്പം ദുബായിൽ. രണ്ടാമത്തെ മകൾ അമ്മു വിദ്യാർത്ഥിനിയാണ്.
മയങ്ങരുത്, കപട പ്രണയത്തിൽ പ്രണയം നടിച്ച് എത്തുന്നവരുടെ വാക്കിൽ മയങ്ങി പെൺകുട്ടികൾ ജീവിതം നശിപ്പിക്കരുതെന്നാണ് മോട്ടിവേറ്റർ എന്ന നിലയിൽ പറയാനുള്ളത്. ഭർത്താവിന്റെ തണലിൽ മാത്രം ജീവിക്കേണ്ടവളാണ് ഭാര്യയെന്ന ധാരണയും മാറണം. അതേസമയം, ഭർത്താവിന് കരുത്തായി ഏതു സാഹചര്യത്തിലും ഒപ്പം ഉണ്ടാവുകയും വേണം. പുരുഷന് ഒപ്പമോ ഒരു പടിയെങ്കിലും മുന്നിലോ ആണ് പെണ്ണിന്റെ സ്ഥാനം എന്ന ബോധം പെൺകുട്ടികളിൽ വേണം. ബുദ്ധിയിലോ കഴിവിലോ ചിന്താശേഷിയിലോ അവൾ പിന്നിലല്ല; പ്രായോഗിക ബുദ്ധിയിൽ മുന്നിലുമാണ്. ഭാര്യയെ ഭർത്താവ് കൂട്ടുകാരിയായി കരുതണം. ഭാര്യാഭർത്തക്കന്മാർ പരസ്പരം ബഹുമാനിക്കുമ്പോൾ, മക്കളും സമൂഹവും അതുകണ്ട് പഠിക്കുന്നു. ഭർത്താവിന്റെ തണലിൽ പെണ്ണിന്റെ ജീവിതം ഒതുങ്ങണമെന്നു ചിന്തിക്കുന്ന കാലം മാറി. സ്വന്തമായൊരു വരുമാനം നിർബന്ധമായും വേണം. അല്ലെങ്കിൽ വിലയുണ്ടാവില്ല. ഒരുജോലിയും മോശമല്ലെന്ന ധാരണയുണ്ടാവണം. എല്ലാ പ്രശ്നങ്ങൾക്കും ഇടയിൽ ജീവിതം ആസ്വദിക്കാൻ കഴിയുന്നതാണ് വിജയം. ജീവൻ നിലനിറുത്തുന്ന ഭക്ഷണത്തിൽ മായം കലർത്തുന്നതാണ് ഏറ്റവും വലിയ പാപം എന്നു വിശ്വസിക്കുന്നു. അല്പം ലാഭത്തിന് ഇതു ചെയ്താൽ താത്കാലിക നേട്ടങ്ങളുണ്ടാകുമെങ്കിലും തലമുറകൾ ദാരിദ്ര്യം അനുഭവിക്കേണ്ടിവരും. പ്രാർത്ഥനയാണ് കരുത്ത്. തളരുമ്പോൾ കരുതലായി ഭഗവാൻ കൂടെയുണ്ടെന്ന് ഓരോ ഘട്ടത്തിലും തിരിച്ചറിയുന്നു.
ഫോൺ : 8156864480