ഒറ്റദിവസത്തെ യാത്ര, കുറഞ്ഞ ചെലവ്; പ്രകൃതിഭംഗിയും ഭക്ഷണവും ഭക്തിയും ഒറ്റ യാത്രയിൽ

Friday 26 September 2025 1:09 PM IST

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് ടൂർ പ്രോഗ്രാമുകൾ എപ്പോഴും പ്ലാൻചെയ്യുന്നത്. എന്നാൽ ഒട്ടും പ്ലാൻചെയ്യാതെ പെട്ടെന്ന് പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്തുതന്നെയുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്ക് അതാകാം, ഇനി ഭക്ഷണം നന്നായി ആസ്വദിക്കണമെന്നുള്ളവർക്ക് അതിനുള്ള അവസരവും ഉണ്ട്. ഇതൊന്നുംവേണ്ട ഭക്തിയാണ് മുഖ്യം എന്നുപറയുന്നവർക്ക് അതും ആവാം. തെക്കൻ ജില്ലകളിലുള്ളവർക്ക് ഒറ്റദിവസംകൊണ്ട് ഇവിടെ പോയിവരാൻ കഴിയും. തിരുവനന്തപുരം ജില്ലയുടെ തൊട്ടടുത്തുള്ള തെങ്കാശിയാണ് ഈ പൊളി സ്ഥലം. സ്ഥലം തമിഴ്‌നാട്ടിലാണെങ്കിലും രാവിലെ തിരിച്ചാൽ എല്ലാം ആസ്വദിച്ച് രാത്രിയോടെ വീട്ടിലെത്താം. ചെലവും തീരെക്കുറവായിരിക്കും. തെക്കിന്റെ കാശി എന്നറിയപ്പെടുന്ന തെങ്കാശിയിൽ ചില സ്ഥലങ്ങൾ സന്ദർശിക്കാതെ പോകുന്നത് കനത്ത നഷ്ടമാണ്. ആ സ്ഥലങ്ങങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മേക്കര ഗ്രാമം

തെങ്ങുകളും നെൽപ്പാടങ്ങളും നിറഞ്ഞ സ്ഥലമാണ് കേരളം എന്നാണ് വയ്‌പ്പെങ്കിലും ഇപ്പോൾ ഇവയൊക്കെ കാണണമെങ്കിൽ തമിഴ്‌നാട്ടിലേക്ക് പോകണം. നെൽപ്പാടങ്ങളും തെങ്ങും നിറഞ്ഞ തെങ്കാശിയിലെ ഗ്രാമമാണ് മേക്കര. മലയുടെ താഴെയായി നിറയെ നെൽപ്പാടങ്ങളാണ്. ഒപ്പം ഇഷ്ടംപോലെ തെങ്ങുകളും. എപ്പോഴും വീശിയടിക്കുന്ന കാറ്റാണ് മറ്റൊരു പ്രത്യേകത. ഇവിടെയെത്തിയാൽ തിരിച്ചുപോകാൻ തോന്നാറില്ലെന്നാണ് പല സഞ്ചാരികളും പറയുന്നത്. കടകളൊന്നും അധികം ഇല്ലാത്തതിനാൽ ലഘുഭക്ഷണവും വെള്ളവും കരുതുന്നത് ഉപകാരപ്പെടും.

കുറ്റാലം വെള്ളച്ചാട്ടം

മേക്കരയിൽ നിന്ന് കുറ്റാലത്തേക്ക് പോകുന്ന വഴിയിൽ അടവിനൈനാർ ഡാമുണ്ട്. ആവശ്യമുള്ളവർക്ക് ഇവിടയും ഇറങ്ങാം. കുരങ്ങന്മാരുടെ ശല്യം ഉണ്ടെന്നത് പ്രത്യേകം ഓർക്കണം. ഇതിനടുത്താണ് കുറ്റാലം വെള്ളച്ചാട്ടം. ഇവിടത്തെ തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചാൽ അതുവരെയുള്ള എല്ലാ ക്ഷീണവും മാറും എന്നുമാത്രമല്ല ആ ദിവസത്തേക്കുള്ള മുഴുൻ വൈബും കിട്ടും.

അന്യൻ റോക്ക്

അന്യൻ സിനിമയിലെ റണ്ടക്ക എന്ന പ്രസിദ്ധമായ ഗാനം ചിത്രീകരിച്ച സ്ഥലമാണ് അന്യൻ റോക്ക്. ആ പാട്ട് ചിത്രീകരണത്തിനുവേണ്ടി പാറയിൽ വരച്ച രൂപങ്ങൾ മങ്ങിയിട്ടുണ്ടെങ്കിലും മനസിലാകും. ഇവിടെയും നല്ല കാറ്റ് എപ്പോഴും ഉണ്ടാവും.

സുന്ദരപാണ്ഡ്യപുരം

സൂര്യകാന്തികൃഷിക്ക് പേരുകേട്ട സ്ഥലമാണ് സുന്ദരപാണ്ഡ്യപുരം. സൂര്യകാന്തി മാത്രമല്ല തക്കാളി, പച്ചമുളക്, കാബേജ് തുടങ്ങി വിവിധയിനങ്ങളിലുള്ള പച്ചക്കറികളുടെ വിശാലമായ തോട്ടങ്ങളും കാണാം. പച്ചക്കറികൾക്ക് കാര്യമായ വിലക്കുറവാണിവിടെ. ആവശ്യത്തിനനുസരിച്ച് വാങ്ങാനും കഴിയും.

കാശി വിശ്വനാഥർ ക്ഷേത്രം

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്‌മാർക്കാണ് കാശി വിശ്വനാഥർ ക്ഷേത്രം. അതിശയകരമായ വാസ്തുവിദ്യാ വൈഭവവും സീവലപ്പെരി കുളത്തിന്റെ തീരത്തുള്ള ശാന്തമായ ഒരു പശ്ചാത്തലവും ഈ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്. ചരിത്രപ്രസിദ്ധമായ ഈ മനോഹരക്ഷേത്രത്തിലെ വാസ്തുശൈലി ആരെയും ആകർഷിക്കും. ക്ഷേത്രത്തിന് തൊട്ടടുത്തായി വർഷങ്ങളുടെ പാരമ്പര്യമുളള ചില ഹൽവാ ഷോപ്പുകളുണ്ട്. ക്യൂനിന്നുവേണം ഇവിടങ്ങളിൽ നിന്ന് സാധനം വാങ്ങാൻ. ലൈവായി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഴയിലയിൽ പൊതിഞ്ഞ ഹൽവ ആവശ്യത്തിനനസുരിച്ച് നൽകും. വിലയും കുറവാണ്.

കാടയും കോയിൽ പൊറോട്ടയും

കാടയും കോയിൻ പൊറോട്ടയും കിട്ടുന്ന ഒട്ടനവധി ഹോട്ടലുകൾ തെങ്കാശിയിലുണ്ട്.ബോർഡർ ചിക്കനും പേരുകേട്ട ഇടമാണ്. കഴുത്തറുക്കുന്ന വിലയില്ലാത്തതും മികച്ച രുചിലും ഇവിടത്തെ വിഭവങ്ങളുടെ പ്രത്യേകതയാണ്.