തിളച്ച പാലിൽ വീണ് കുഞ്ഞ് മരിച്ചു, ദുരന്തം അമ്മയുടെ കൺമുന്നിൽ; വീഡിയോ

Friday 26 September 2025 1:45 PM IST

ഹൈദരാബാദ്: തിളച്ച പാലിൽ വീണ് ഒന്നരവയസുകാരി മരിച്ചു. ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലെ സ്വകാര്യസ്കൂളിൽ ഇന്നുരാവിലെയായിരുന്നു ദാരുണ സംഭവം. സ്കൂളിലെ പാചകക്കാരിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നുരാവിലെ അക്ഷിതയുമായാണ് അമ്മ സ്കൂളിൽ പാചകത്തിന് എത്തിയത്. കുട്ടികൾക്ക് നൽകാനുള്ള പാൽ വലിയ പാത്രത്തിൽ തിളപ്പിച്ചശേഷം തണുക്കാനായി ഫാനിന് താഴെ തുറന്നുവച്ചിരുന്നു. അമ്മ മറ്റുജോലികൾ ചെയ്യുന്നതിനിടെ പാത്രത്തിനടുത്തുനിന്ന് കളിക്കുകയായിരുന്ന അക്ഷിത കാൽവഴുതി പാത്രത്തിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ പാത്രത്തിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും ശരീരമാസകലം മാരകമായി പൊള്ളലേറ്റിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞവർഷം കോഴിക്കോട്ട് തിളച്ചപാൽ വീണ് ഒരുവയസുകാരൻ മരിച്ചിരുന്നു. താമരശേരി സ്വദേശികളായ ദമ്പതികളുടെ മകനാണ് ചികിത്സയിലിരിക്കെ മരിച്ചത്.