തടസങ്ങളെല്ലാം അകറ്റാൻ ഗണപതിയെ ആരാധിക്കേണ്ട സമയം ഏതാണ്?​ ഇക്കാര്യം അറിയാതെ പോകരുത്

Friday 26 September 2025 1:46 PM IST

വിഘ്‌നങ്ങളെല്ലാം അകറ്റുന്ന ദേവനാണ് ഗണപതി. വിഘ്‌നമകറ്റുന്ന ഈശ്വരനായതിനാൽ വിഘ്‌‌നേശ്വരൻ എന്ന പേരും ഗണപതിയ്‌ക്കുണ്ട്. ഗണപതിയ്‌ക്ക് തേങ്ങയടിക്കുന്നതും കറുകമാല സമർപ്പിക്കുന്നതും ഏത്തമിടുന്നതും പ്രശ്‌നപരിഹാരത്തിനും തടസങ്ങൾ മാറാനും എല്ലാവരും ചെയ്യുന്ന വഴിപാടുകളാണ്. അപ്പം,​ അട,​ മോദകം തുടങ്ങി പലഹാരങ്ങൾ വഴിപാടായി നടത്താറുമുണ്ട്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണപതിയുടെ വിവിധ ഭാവങ്ങളിലെ കളിമൺ പ്രതിമകൾ നിർമ്മിച്ച് അവ വെള്ളത്തിലൊഴുക്കുന്നത് ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിലെ പതിവാണ്. വിഘ്‌നമകറ്റാൻ ഉടൻ സങ്കടമോചനത്തിനും ഗണേശപ്രീതി കൊണ്ട് കഴിയും എന്ന വിശ്വാസമുണ്ട്.

ഗണപതി ഹോമ സമയത്ത് ഹോമം കഴിക്കുന്നയാളുടെ വലതുവശത്ത് വിളക്കും നേദ്യവും വച്ചിട്ടുണ്ടാകും. ഇവിടെ ഗണപതി ഉണ്ടെന്നാണ് വിശ്വാസം. ഗണപതിയെ പ്രാർത്ഥിക്കാനുള്ള ഏറ്റവും മികച്ച സമയം ഉഷകാലമാണ്. സൂര്യോദയത്തിന് ഒന്ന് രണ്ട് മണിക്കൂർ മുൻപ് വരുന്ന സമയമാണിത്. ഉഷസിനെ തന്നെ ദേവതയായാണ് ഋഗ്വേദം പറയുന്നത്. ഉഷകാലത്തിൽ ഗണപതിയെ ഭജിക്കുമ്പോൾ ഗണപതിയുടെ അനുഗ്രഹവും ഉഷസ് ദേവതയുടെ അനുഗ്രഹവും സൂര്യൻ ഉദിച്ചുവരുന്ന സമയമായതിനാൽ സൂര്യഭഗവാന്റെ അനുഗ്രഹവും ഈ സമയം ലഭിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. ഗണപതിയെ ആരാധിക്കുന്നതിന് മുൻപുതന്നെ മൂലഗണപതിയെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കണം. 'ഓം ഗം നമഃ' എന്ന മന്ത്രം 36 ഉരു ജപിച്ച് വേണം മറ്റ് മന്ത്രങ്ങളിലേക്ക് പോകേണ്ടത്. ശേഷം എട്ട് ഉരു ഏത്തമിടുന്നത് നല്ലതാണ്. ഇതിനുശേഷം ഗണപതീ സ്‌തുതികൾ ജപിച്ച് ആരാധിക്കാം.