സ്‌തനവും നിതംബവും വലുതാകാൻ ശസ്‌ത്രക്രിയ; 14കാരി മരിച്ചു, ശസ്‌ത്രക്രിയ നടത്തിയത് അമ്മയുടെ കാമുകൻ
മെക്‌സിക്കോ സിറ്റി: സ്‌തനത്തിന്റെയും നിതംബത്തിന്റെയും വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തിയ 14കാരി മരിച്ചു. മെക്‌സിക്കോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എന്ന് പേരുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അമ്മയുടെ കാമുകനും പ്ലാസ്റ്റിക് സർജനുമായ യുവാവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്‌ചയാണ് ശസ്‌ത്രക്രിയ നടന്നത്. തലച്ചോറിൽ നീർക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാൻഗോയിലുള്ള ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മകൾ മരിച്ചുവെന്നാണ് മാതാവ് എല്ലാവരോടും പറഞ്ഞത്. എന്നാൽ, സംസ്‌കാര ചടങ്ങിനിടെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് മരണകാരണം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. അമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മരണത്തിൽ സംശയം തോന്നിയ പിതാവ് കാർലോസ് അരെലാനോ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. മൃതദേഹത്തിൽ അസ്വാഭാവികത കണ്ടതോടെ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
'ശസ്‌ത്രക്രിയ നടത്തുന്ന വിവരം തന്നോട് പറഞ്ഞിരുന്നില്ല. മകൾക്ക് കൊവിഡ് പിടിപെട്ടതിനാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു എന്നാണ് അറിയിച്ചത്. പിന്നീടാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത്. ഇത് കൊവിഡ് ചികിത്സയ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. സെപ്‌തംബർ 19നാണ് മകളെ അവസാനമായി കണ്ടത്. സെപ്‌തംബർ 20ന് അവൾ മരിച്ചു' - കുട്ടിയുടെ പിതാവ് പറഞ്ഞു.
മെക്‌സിക്കോയിൽ പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിന് പ്രത്യേക പ്രായപരിധി ഇല്ല. പക്ഷേ, 18 വയസിൽ താഴെയുള്ളവർക്ക് ശസ്‌ത്രക്രിയ നടത്തണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണമെന്നാണ് നിയമം. സംഭവത്തെത്തുടർന്ന് സർജറി നടത്തിയയാളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.