പുകവലി നിർത്താൻ പുതിയ മാർഗവുമായി ഗവേഷകർ, പഠനം വിജയിച്ചാൽ 26 കോടി ഇന്ത്യക്കാർക്ക് ആശ്വാസം

Friday 26 September 2025 3:35 PM IST

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയാണ് പുകവലി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 80 ലക്ഷം ആളുകളാണ് പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം മരണത്തിന് കീഴടങ്ങുന്നത്. ഇന്ത്യയിൽ മാത്രം ഏകദേശം 26 കോടിയിലധികം ആളുകൾ പുകയിലക്ക് അടിമകളാണ്. ഇപ്പോഴിതാ പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിൽ യോഗയുടെയും മെഡിറ്റേഷന്റെയും സാദ്ധ്യതകൾ അന്വേഷിച്ചു കൊണ്ട് പുതിയ പഠനം ആരംഭിച്ചിരിക്കുകയാണ് ഗവേഷകർ.

പതിവായുള്ള പുകവലി നിർത്താൻ ഒട്ടേറെ ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും വീണ്ടും അഡിക്ഷനിലേക്ക് വരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മരുന്നുകൾക്കൊപ്പം യോഗയും മെഡിറ്റേഷനും നിർദ്ദേശിച്ചിരിക്കുന്നത്.

പഠനത്തിൽ രണ്ട് ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രൂപ്പിന് മരുന്ന് മാത്രം നൽകും. മറ്റൊരു ഗ്രൂപ്പിന് മരുന്നിനൊപ്പം യോഗയും മെഡിറ്റേഷനും നൽകുന്നതാണ് പഠന രീതി. പുകവലി ഉപേക്ഷിക്കാൻ യോഗയ്ക്കും മെഡിറ്റേഷനും എത്രത്തോളം പങ്ക് വഹിക്കാൻ കഴിയുമെന്ന് വിലയിരുത്താനാണ് ഈയൊരു സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. പഠനം വിജയിച്ചാൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പുകവലി നിർത്താൻ ശ്രമിച്ചിട്ടും പലരും പെട്ടെന്ന് തന്നെ ആ ദുശീലത്തിലേക്ക് മടങ്ങിയെത്താറാണ് പതിവ്. എന്നാൽ യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും പുകവലി നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. യോഗയും മെഡിറ്റേഷനും ശരീരത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും, ആത്മനിയന്ത്രണം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിലൂടെ പുകവലിക്കാനുള്ള പ്രേരണ ക്രമേണ കുറയ്ക്കാൻ കഴിയും. പഠനം വിജയകരമായാൽ, പുകവലി നിർത്താൻ ശാസ്ത്രീയ അടിത്തറയുള്ള പ്രകൃതിദത്തമായ പുതിയൊരു ചികിത്സാ രീതി ഭാവിയിൽ ലഭ്യമായേക്കും എന്നും ഗവേഷകർ പറയുന്നു.