കാർഗിൽ മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ; 60 വർഷം ഇന്ത്യൻ സൈന്യത്തിനൊപ്പം നിന്ന മിഗ് 21ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. 60 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷമാണ് ഈ യുദ്ധവിമാനം സർവീസിൽ നിന്ന് പിൻവലിക്കുന്നത്. ചണ്ഡീഗഡിൽ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ് 21ന് ഒരുക്കിയത്. വ്യോമസേനയിൽ 1963ൽ മിഗ് 21നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഡിലായതിനാലാണ് യാത്രയയപ്പിനായി അവിടെ തന്നെ തിരഞ്ഞെടുത്തത്.
ഇന്ന് ഉച്ചയ്‌ക്ക് 12.05ന് മിഗ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാൻഡ് ചെയ്യുന്ന മിഗ് 21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാർക്ക് 1എ വിമാനമാണ് മിഗ് 21ന് പകരക്കാരനമായി വ്യോമസേനയിലെത്തുക.
മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ - ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ - ഗുരേവിച്ച് മിഗ് 21 എന്ന സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ രൂപകൽപ്പന ചെയ്‌തത്. 1963ലാണ് മിഗ് 21 യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതുവരെ 900 മിഗ് - 21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതിൽ 657 എണ്ണം ഹിന്ദുസ്ഥാൻ എയറോനോടിടക്‌സ് ലമിറ്റഡ് ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്.
ഒറ്റ എഞ്ചിൻ യുദ്ധവിമാനമായ മിഗ് 21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കൽ സമയം 30 മിനിട്ടാണ്. പാകിസ്ഥാനുമായുള്ള 1965ലെയും 1971ലെയും യുദ്ധങ്ങളിൽ മിഗ് 21 പോർവിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999ലെ കാർഗിൽ യുദ്ധത്തിലും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി ഓപ്പറേഷൻ സിന്ദൂറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. 2010ൽ റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ വന്നതോടെയാണ് മിഗ് 21 വ്യോമസേനയിൽ നിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്.