ബിഗ്ബോസിനെ തേടി വക്കീൽ നോട്ടീസ്; രണ്ടുകോടി രൂപ നൽകണം, പെട്ടത് വൻ നിയമക്കുരുക്കിൽ
മുംബയ്: മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മഹാനടൻ മോഹൻലാൽ ഉൾപ്പെടെ പ്രമുഖ താരങ്ങളാണ് ബിഗ് ബോസിൽ അവതാരകൻമാരായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് നടൻ സൽമാൻ ഖാൻ നയിക്കുന്ന ബിഗ് ബോസ് 19-ാം സീസൺ നിയമക്കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ബോളിവുഡിലെ രണ്ട് ഗാനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടിയിൽ ഉപയോഗിച്ചതിനെതിരെ ബിഗ് ബോസിന്റെ അണിയറക്കാർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (പിപിഎല്‍) എന്ന കമ്പനിയാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. ദേശീയ മാദ്ധ്യമമായ മിഡ് ഡേ ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അഗ്നീപഥ് എന്ന ചിത്രത്തിൽ നടി കത്രീന കൈഫ് അവതരിപ്പിച്ച 'ചിക്ക്‌നി ചമേലി', ഗോരി തേരേ പ്യാര്‍ മേം എന്ന ചിത്രത്തിലെ 'ധട് തേരീ കി' എന്നീ ഗാനങ്ങളാണ് അനുമതിയില്ലാതെ ബിഗ് ബോസിൽ ഉപയോഗിച്ചതെന്നാണ് നോട്ടീസ്.
ഈ മാസം മൂന്നിന് സംപ്രേഷണം ചെയ്ത ബിഗ് ബോസ് 19-ാം പതിപ്പിന്റെ 11-ാം എപ്പിസോഡിലാണ് ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. പരിപാടിയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈൻ ഇന്ത്യയ്ക്കെതിരെയാണ് പിപിഎല്‍ നിയമനടപടി ആരംഭിച്ചത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് എന്‍ഡമോള്‍ ഷൈനോ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്ന ജിയോ ഹോട്ട് സ്റ്റാറോ പ്രതികരിച്ചിട്ടില്ല.