ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്‌‌ചുക് അറസ്റ്റിൽ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Friday 26 September 2025 4:37 PM IST

ലേ: ലഡാക്കിൽ ആളിക്കത്തിയ പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹ്യപ്രവർത്തകനുമായ സോനം വാങ്‌‌ചുകിനെ ലേ പൊലീസ് അറസ്റ്റുചെയ്തു. അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്.

മഗ്സസെ ജേതാവായ വാ‌ങ്‌ചുക് അറിയപ്പെടുന്നത് പരിസ്ഥിതി പ്രവർത്തകനായാണ്. 1966ൽ ലഡാക്കിലെ ഉലെയ്‌ടോക്‌പോയിൽ ജനിച്ച അദ്ദേഹം ഫ്രാൻസിൽ നിന്ന് വാസ്തുവിദ്യ പഠിച്ചു. ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിന് കോൺ ആകൃതിയിലുള്ള കൃത്രിമ ഹിമാനികൾ (ഐസ് സ്തൂപം)​ നിർമ്മിച്ചു. ഈ ആശയം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 'ത്രീ ഇഡിയറ്റ്‌സെ"ന്ന ബോളിവുഡ് സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുക് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് വാങ്‌ചുകാണ്. എൻജിനിയറും വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമാണ്. വർഷങ്ങളായി ലഡാക്ക് ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. ലഡാക്കിന്റെ സംസ്ഥാന പദവിക്കായി മരംകോച്ചുന്ന തണുപ്പിൽ കിടന്ന് പ്രതിഷേധിച്ച വാങ്‌ചുക് അന്ന് ലോക ശ്രദ്ധ നേടി.

ഇക്കഴിഞ്ഞ പത്തുമുതൽ ലഡാക്കിന്റെ സംസ്ഥാന പദവിക്കായി വാങ്‌ചുക് നിരാഹാര സമരത്തിലാണ്. അദ്ദേഹത്തോടൊപ്പം സമരം ചെയ്തിരുന്ന രണ്ട് പേർ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തളർന്നുവീണതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ ബുദ്ധമത വിശ്വാസികളുടെ സംഘടന ലേയിൽ നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

അതിനിടെ സംഘർഷത്തിൽ മരണം അ‌ഞ്ചായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 50ലേറെ പേരെ അറസ്റ്റ് ചെയ്തു. വാങ്‌‌ചുകിന്റെ എൻ.ജി.ഒയായ സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഒഫ് ലഡാക്കിന്റെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് എൻ.ജി.ഒയ്ക്കും വാങ്‌‌ചുക് സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്കിനുമെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. രണ്ട് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സി.ബി.ഐ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.