അവതാര പുരുഷന്റെ കാലം
സമൂഹത്തിൽ അനീതിയും അപചയങ്ങളും സാമൂഹിക അടിച്ചമർത്തലുമൊക്കെ കൊടുംപിരികൊണ്ടിട്ടുള്ള സന്ദർഭങ്ങളിൽ അവയെ ഇല്ലായ്മ ചെയ്ത്, നവീകരണം നടത്തി മാനവസമൂഹത്തെ രക്ഷിക്കാൻ പിറവിയെടുത്ത മഹാത്മാക്കളെ അവതാര പുരുഷന്മാർ എന്നാണ് നാം വിശേഷിപ്പിക്കാറുള്ളത്. അത് പക്ഷെ അവതാര പുരുഷന്മാർ. ഇവിടെ പറയാനുദ്ദേശിക്കുന്നത് അവതാരങ്ങളെപ്പറ്റിയാണ്. കടലും കടലാടിയും പോലുള്ള വ്യത്യാസം. ഒന്നാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞൊരു കാര്യമുണ്ട്. ചില അവതാരങ്ങൾ എത്തും അവരെ സൂക്ഷിക്കണമെന്ന്. മരത്തിൽ ഇത്തിൾ പിടിക്കും പോലെയാണ് അത്തരക്കാർ, വന്നു കൂടിയാൽ കൊണ്ടേ പോകൂ. ഇങ്ങനെയുള്ള ആൾക്കാരെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. ചില വാക്കുകൾ അറംപറ്റും പോലെയാവുമെന്നതും ചൊല്ലാണ്. കാലക്രമത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും നാറ്റിച്ച് നാണം കെടുത്താനെത്തിയ പല അവതാരങ്ങളെയും കേരളത്തിന് കാണേണ്ടിയും വന്നു. ഇപ്പോൾ കേരളത്തിലെ കോൺഗ്രസുകാരുമായി സംസാരിച്ചാൽ ചിലപ്പോഴെങ്കിലും അവരുടെ നാവിൽ നിന്ന് വരുന്നൊരു പ്രയോഗമാണ് അവതാരം. പാലക്കാട്ടെ യുവ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് ഇങ്ങനെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്. എന്താണിങ്ങനെ വിശേഷിപ്പിക്കുന്നതെന്ന് ചോദിച്ചാൽ അതിന് അവർക്ക് ഒറ്റ ഉത്തരമേയുള്ളു, പ്രവചനാതീതമായാണ് അദ്ദേഹത്തിന്റെ പോക്ക്. അതിപ്പോൾ മാത്രമല്ല, അല്പം പിറകിലേക്ക് കണ്ണോടിച്ചാലും കാണാം ഈ അവതാര വിശേഷം.
പാലക്കാടൻ മണ്ണിലെ
ഉയർച്ചയും വീഴ്ചയും
ഇടിവെട്ടി പെയ്തൊരു പേമാരിക്ക് ശേഷം പാലക്കാടൻ മണ്ണിൽ വീണ്ടും അവതരിച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ അവതാര മാഹാത്മ്യം ആദ്യം കണ്ടത്. യൂത്ത് കോൺഗ്രസിന്റെ മുൻകാല ചരിത്രവും കീഴ്വഴക്കവുമൊക്കെ വച്ചുനോക്കുമ്പോൾ രണ്ടുവർഷം മുമ്പ് നടന്ന സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ആ കസേരയിൽ എത്തേണ്ടിയിരുന്നത് മറ്റ് ചിലരാണെന്നായിരുന്നു സംസാരം. പക്ഷെ കാര്യങ്ങൾ മാറിമറിഞ്ഞു. മാങ്കൂട്ടത്തിൽ മഹാരാജ് ആ കസേരയിൽ അവരോധിക്കപ്പെട്ടു. മണ്ണും ചാരിയിരുന്നവൻ പെണ്ണും കൊണ്ട് പോകുന്നതു കണ്ട് മറ്റു തലയെടുപ്പുള്ളചില യൂത്തന്മാർ മനസാ തേങ്ങിക്കരഞ്ഞു. തിരിച്ചറിയൽ കാർഡിൽ തിരിമറി നടന്നുവെന്നൊക്കെ ദുഷ്ടബുദ്ധികൾ അന്നു പറഞ്ഞു പരത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. 'വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം" എന്ന ഒ.എൻ.വിയുടെ വരികൾ അന്ന് ആവർത്തിച്ചു ചൊല്ലിയവരിൽ അബിൻ വർക്കിയും അരിതാ ബാബുവുമൊക്കെ ഉൾപ്പെടും. എങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ അവതാര മാഹാത്മ്യം ആദ്യമായി യൂത്തന്മാർ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
അങ്ങനെ കാലം കടന്നുപോകവെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. കെ.പി.സി.സി യുടെ സമൂഹമാദ്ധ്യമ വിഭാഗത്തിന്റെ ജീവാത്മാവും പരമാത്മാവുമായി ഡോ. പി. സരിൻ ആർത്തുല്ലസിക്കുന്ന സമയം. വിദ്യാ സമ്പന്നൻ, സമൂഹമാദ്ധ്യമ തലവൻ, യുവാവ് തുടങ്ങി പലവിധ യോഗ്യതകൾ തനിക്കുള്ളതിനാലും കോൺഗ്രസ് നേതൃത്വത്തിലെ കേമന്മാരുമായി അടുത്ത വ്യക്തിബന്ധമുള്ളതിനാലും പാലക്കാട് സ്ഥാനാർത്ഥിയാവുക താൻ തന്നെയെന്ന് സരിൻ സ്വയം തീരുമാനിച്ചെങ്കിൽ കുറ്റം പറയാനാവുമോ! പാവം പയ്യനറിഞ്ഞില്ല, അവിടെ ഒരു അവതാരമുണ്ടാവുമെന്ന്. അങ്ങനെ സരിൻ എന്ന അസാധാരണ പ്രതിഭയെ സി.പി.എമ്മിന് സംഭാവന ചെയ്തുകൊണ്ട് മഹാനായ മാങ്കൂട്ടത്തിൽ പാലക്കാടിന്റെ എം.എൽ.എ ആയി. വളവും വെള്ളവും നൽകി താൻ പരിപോഷിപ്പിച്ച പയ്യൻ തകർത്തടിച്ചു കയറുന്നതു കണ്ടപ്പോൾ, അയാളുടെ ശോഭനമായ ഭാവിയെക്കുറിച്ചോർത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗ്ളാസ് കണക്കിന് മനപായസം കുടിച്ച് ഏമ്പക്കം വിട്ടു. ഇരുവശവും യുവകേസരികളെ നിർത്തി, തോളിൽ കൈയിട്ട് അവരുടെ കരളുറപ്പിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കൂട്ടത്തിൽ തന്റെയും വളർച്ച അദ്ദേഹം സ്വപ്നം കണ്ടു.
പാലക്കാട്ടെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ജീൻസും ടീ ഷർട്ടും കൂളിംഗ് ഗ്ളാസും ധരിച്ച് നമ്മുടെ യുവതുർക്കികൾ സൂംബാ നൃത്തമാടിയപ്പോൾ, നമ്മുടെ പ്രതിപക്ഷ നേതാവും ഉൾപ്പുളകിതനായി. 'എങ്ങനെ നീ മറക്കും ഖദറെ" എന്നൊക്കെ ക്ഷീണിച്ച ശബ്ദത്തിൽ ചില പഴയ കോൺഗ്രസുകാർ മൂലയിലിരുന്നു പാടിയെങ്കിലും ന്യൂജെൻ കോൺഗ്രസ് അതൊന്നും ശ്രദ്ധിച്ചില്ല.
കാലം പിന്നെയും കഴിഞ്ഞു, അവതാരത്തിന്റെ ശോഭയ്ക്ക് മേൽ ചില ടെലിവിഷൻ ചാനലുകളുടെ അശരീരികൾ ചെളിതെറിപ്പിച്ചു. വെട്ടിപ്പിടിച്ച യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി ത്യജിക്കേണ്ടി വന്നു. തലങ്ങും വിലങ്ങും ചാനലുകളും സോഷ്യൽ മീഡിയയും പരസ്യവിചാരണ തുടങ്ങിയതോടെ അവതാരം പൊടുന്നനെ പിൻവലിഞ്ഞു. ഉറഞ്ഞുതുള്ളിയ പ്രതിപക്ഷ നേതാവ് ഉഗ്രശാസനം പുറപ്പെടുവിച്ചു. അവതാരത്തെ നിഷ്കാസനം ചെയ്യാൻ. നിയമസഭയുടെ പരിസരത്ത് കണ്ടു പോകരുതെന്ന് പറഞ്ഞ് ഊരുവിലക്കും കല്പിച്ചു. അതോടെ എല്ലാം കഴിഞ്ഞുവെന്ന് മാങ്കൂട്ടത്തിലിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ കരുതി. പക്ഷെ സംഭവിച്ചതോ, നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ അതാ, സഭയിൽ നിൽക്കുന്നു സാക്ഷാൽ രാഹുൽ മാങ്കൂട്ടത്തിൽ. സഭയ്ക്കുള്ളിലെ മങ്ങിയ വെളിച്ചത്തിൽ പ്രതിപക്ഷ നേതാവിന്റെ മുഖത്തെ ജാള്യം ലയിച്ചു. ഭരണപക്ഷ ബഞ്ചിൽ നിന്ന് കോഴികൂവൽ ശബ്ദം ഉയരുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് പ്രമാണിമാർക്ക് തെറ്റി. ഒരു കോഴിയും കൂവിയില്ല, കാരണം കോഴിക്ക് ബദൽ പൂച്ചയെന്നാണല്ലോ പ്രമാണം. ഇപ്പോഴിതാ, താൻ ശരിക്കുള്ള അവതാരമാണെന്ന് തെളിയിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ മണ്ഡലത്തിൽ സ്ഥിരമായി നിന്ന് വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാനാണെന്നാണ് അടുപ്പക്കാർ പറയുന്നത്. അശരീരികളൊന്നും ഉയരുന്നില്ല. പാർട്ടി ഊരുവിലക്ക് കല്പിച്ചിട്ടും മാങ്കൂട്ടത്തിലിന് അനുയായി ദാരിദ്ര്യം തീരെയില്ല. പരസ്യമായല്ലെങ്കിലും പാർട്ടിയിൽ നിന്നു തന്നെയുണ്ട് നല്ല കൈത്താങ്ങ്. ഇവിടെയാണ് അവതാരങ്ങളല്ലാത്ത കോൺഗ്രസുകാരുടെ സംശയം. ഇതുവരെ കേട്ടതൊക്കെ ശരിയോ?, അറിഞ്ഞതൊക്കെ വാസ്തവമോ? കല്ലും നെല്ലും തിരിക്കാനാരുമില്ലേ?
ഇതുകൂടി കേൾക്കണേ
കയ്യിൽ തന്ത്രങ്ങളും പിന്തുണയ്ക്ക് ആളുമുണ്ടെങ്കിൽ എല്ലാ പ്രതിസന്ധിയും മറികടക്കാം. പക്ഷെ പൊതുപ്രവർത്തകൻ, ജനപ്രതിനിധി എന്നൊക്കെ പറയുമ്പോൾ അവരുടെ സാന്നിദ്ധ്യത്തിന് ഒരു വെണ്മ വേണം, ശുദ്ധത വേണം.