'കാൻ ഹെൽപ്പ്- കാൻസറിനെതിരെ ഒരുമിച്ച് " പരിപാടിക്ക് ജില്ലയിൽ തുടക്കമാകുന്നു
വാഴത്തോപ്പ്: പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ 'കാൻ ഹെൽപ്പ്- കാൻസറിനെതിരെ ഒരുമിച്ച്" എന്ന പേരിൽ ബൃഹത് പദ്ധതിയ്ക്ക് ജില്ലയിൽ നിന്ന് തുടക്കമാകുന്നു. 28ന് രാവിലെ 9.15ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെൻസൺ പദ്ധതി അവതരിപ്പിക്കും. വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ സ്വാഗതം ആശംസിക്കും. പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി സ്തനനാർബുദത്തെ കുറിച്ചു ബോധവത്കരണ പരിപാടികളും സ്‌ക്രിനീംഗ് പരിശോധനകളും 'ശലഭം" എന്ന പേരിൽ നടത്തും. വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നീ പരിശോധനകളും നടത്തും. കൂടാതെ വിവിധ കാൻസർ രോഗങ്ങളെക്കുറിച്ച് ഡോക്ടർമാർ വിശദീകരിക്കും. ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ലഭ്യമാണ്. മാമോഗ്രാം ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മാമോഗ്രാം പരിശോധന മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി ചെയ്യുന്നതിനും അവസരമുണ്ട്. കാൻസർ രോഗം പ്രതിരോധിക്കാനും ബോധവത്കരണം ലഭിക്കാനും പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന് ഫോൺ: 9446036421, +919495012652.