ജിതിൻ ലാൽ ചിത്രത്തിൽ പൃഥ്വിരാജ്

Saturday 27 September 2025 2:40 AM IST

അജയന്റെ രണ്ടാം മോഷണത്തിനുശേഷം ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകൻ. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.

അജയന്റെ രണ്ടാം മോഷണത്തിന്റെ രചയിതാവായ സുജിത്ത് നമ്പ്യാർ ആണ് തിരക്കഥ. ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളനുശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രം ആണിത്. കാട്ടാളനുപിന്നിൽ ജിതിൻ ലാൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ബ്ളോക് ബസ്റ്ററുകളിലൊന്നായ അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് ജിതിൻ ലാൽ സംവിധായകനാവുന്നത്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രത്തിൽ കൃതിഷെട്ടി, സുരഭിലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് നായികമാരായി എത്തിയത്. അതേസമയം നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വി ചിത്രം. റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡിയുടെ ഒരു ഷെഡ്യൂൾ കൂടി പൃഥ്വിക്ക് അവശേഷിക്കുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും പൂർത്തിയാക്കാനുണ്ട്. എസ്. എസ്. രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തിലും പങ്കെടുക്കണം. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി ആണ് പൃഥ്വിരാജ് കമ്മിറ്റ് ചെയ്ത മറ്റൊരു ചിത്രം. ബ്ളോക് ബസ്റ്ററായ ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും വിപിൻദാസും വീണ്ടും ഒരുമിക്കുകയാണ്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ദായ്റ എന്ന ബോളിവുഡ് ചിത്രത്തിൽ പൊലീസ് വേഷം ആണ് പൃഥ്വിരാജിന്. കരീന കപൂർ ആണ് നായിക.