സുകന്യയുടെ തിരിച്ചുവരവിന്റെയും വരവ്
ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സുകന്യ . കന്യാസ്ത്രീയുടെ വേഷം ആണ് സുകന്യ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്കുശേഷം സുകന്യ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണ് വരവ്. ഒരു കാലത്ത് തെന്നിന്ത്യയിൽ മിക്കവാറും എല്ലാ സൂപ്പർ താരങ്ങളുടെയും മുൻനിര നായികയായിരുന്നു സുകന്യ. ഏതാനും മാസം മുൻപ് ആണ് സുകന്യ വിവാഹബന്ധം അവസാനിപ്പിച്ചത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന ശ്രീധറായിരുന്നു ഭർത്താവ്. വിവാഹശേഷം ന്യൂജഴ്സിൽ ആയിരുന്നു താമസം. ചെറുപ്രായത്തിൽതന്നെ നൃത്തരംഗത്ത് സജീവമായിരുന്നു സുകന്യ. എന്നാൽ സിനിമ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. 1991 ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതുനെല്ലവു തുനാത്ത് ആണ് ആദ്യ സിനിമ. വർഷങ്ങൾക്കുശേഷം റഹ്മാന്റെ നായികയായി എെ. വി ശശി സംവിധാനം ചെയ്ത അപാരതയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
അമ്മ അമ്മായിഅമ്മ, സാഗരം സാക്ഷി, തൂവൽക്കൊട്ടാരം, ചന്ദ്രലേഖ, ഇന്നത്തെ ചിന്താവിഷയം, കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, ഉടയോൻ, ആമയും മുയലും തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. വർഷങ്ങൾക്കുശേഷം നോട്ട് ബുക്ക് എന്ന സിനിമയിൽ അമ്മ വേഷത്തിലും എത്തി.
അതേസമയം വരവിന്റെ ചിത്രീകരണം ഹൈറേഞ്ചിൽ പുരോഗമിക്കുന്നു.
കാട്ടുങ്കൽ പോളച്ചൻ എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥ പൂർണമായും ത്രില്ലർ ആക്ഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നു.