ലോക അഞ്ചാം ആഴ്ചയിൽ കേരളത്തിൽ 275 സ്‌ക്രീൻ, ഒടിയൻ ആവാൻ ദുൽഖർ

Saturday 27 September 2025 3:46 AM IST

ലോകയുടെ മൂന്നാം ഭാഗത്തിൽ ഒടിയനാവാൻ ദുൽഖർ സൽമാൻ . രണ്ടാം ഭാഗത്തിൽ ചാത്തനായി എത്തുന്നത് ടൊവിനോ തോമസും . തമിഴ് നടൻ അരുൺ വിജയ്‌യും ചാപ്ടർ 2ൽ അഭിനയിക്കുന്നുണ്ട് . അഞ്ച് ഭാഗങ്ങളായി ലോക പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബ്രഹ്മാണ്ഡെ ചിത്രമായ ലോക : കല്യാണി പ്രിയദർശന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറുകയാണ് . ചന്ദ്ര എന്ന കഥാപാത്രമായി ലോകയിൽ നിറഞ്ഞുനിൽക്കുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ബാലുവർഗീസ്, അന്നബെൻ, അഹാന കൃഷ്ണ, ശാന്തി ബാലചന്ദ്രൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി ശബ്ദസാന്നിദ്ധ്യം അറിയിക്കുന്നു. മൂത്തോൻ ഒരു കഥാപാത്രമായി ലോകയുടെ തുടർ ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ഡൊമിനിക് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺകുര്യൻ, വിജയരാഘവൻ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, ശിവകാമി ശ്യാമപ്രസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക് ബിജോയ് ഒരുക്കിയ സംഗീതം ലോകയ്ക്ക് കരുത്തു പകരുന്നു.

അതേസമയം അഞ്ചാം ആഴ്ചയിലേക്ക് കടന്നപ്പോൾ ലോക’ കേരളത്തിൽ 275 സ്‌ക്രീനിൽ പ്രദർശനം തുടരുന്നു. ആഗോളതലത്തിൽ 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല.