ലഹരിക്കേസിന് പ്രത്യേക കോടതി

Saturday 27 September 2025 3:51 AM IST

നാർക്കോട്ടിക്‌ കേസുകളുടെ എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 87,101 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിനു മുമ്പുള്ള നാല് വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ മൊത്തം എണ്ണം 37,228 മാത്രമായിരുന്നു.

2025-ലെ ആദ്യ രണ്ട് മാസങ്ങളിൽ കേരളത്തിൽ നടന്ന 63 കൊലപാതക കേസുകളിൽ 30 എണ്ണവും ലഹരിയുമായി ബന്ധപ്പെട്ടതാണ്. ലഹരിക്കെതിരായ ബോധവത്‌കരണവും സെമിനാറുമൊക്കെ സ്‌കൂളുകൾ കേന്ദ്രീകരിച്ചും മറ്റുമായി മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ലഹരിയുടെ വ്യാപനം കൂടിവരുന്നതല്ലാതെ കുറയുന്നില്ല. ഇതിനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ലഹരിക്കേസുകളിൽ പിടികൂടപ്പെടുന്നത് പലപ്പോഴും ഇടനിലക്കാർ മാത്രമായിരിക്കും എന്നതാണ്.

ലഹരിയുടെ സ്രോതസിലേക്ക് അന്വേഷണം പലപ്പോഴും നീളാറില്ല. മാത്രമല്ല സംസ്ഥാനത്ത് വലിയ അളവിൽ ലഹരിവസ്തുക്കൾ പിടികൂടപ്പെടുന്ന കേസുകൾ അട്ടിമറിക്കപ്പെടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും ആവർത്തിക്കപ്പെടുന്നു. ചെറിയ അളവിൽ ലഹരി പിടികൂടി സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകുന്ന കേസുകളിൽ മാത്രമാണ് നിലവിൽ ശിക്ഷാനിരക്ക് കൂടുതൽ. ചെറിയ തോതിൽ ലഹരി പിടികൂടുന്ന കേസുകളിൽ ശിക്ഷാനിരക്ക് 98 ശതമാനമാണ്. ഇതെല്ലാം കൂടുതലും കോടതിയിൽ പിഴയടച്ചു പോകുന്ന കേസുകളാണ്. ഇതെല്ലാം ശിക്ഷയായിട്ടാണ് കണക്കാക്കുന്നത്. ഇടത്തരം തോതിലും വൻതോതിലും ലഹരി പിടികൂടുന്ന സംഭവങ്ങളിൽ സാക്ഷികൾ കൂറുമാറുന്നതും കോടതി നടപടികൾ ഇഴഞ്ഞുനീങ്ങുന്നതും തെളിവുകളുടെ അഭാവവും മറ്റും മൂലം കേസുകൾ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത്,​ വൻകിട ലഹരിമാഫിയകളുടെ കണ്ണികൾ നിയമവലയിലെ സുഷിരങ്ങളിലൂടെ രക്ഷപ്പെടുന്നു.

നാർക്കോട്ടിക്സ് കേസുകളിൽ ശിക്ഷാവിധി വർഷങ്ങൾ നീളുന്നത് ലഹരിക്കേസുകൾ ആവർത്തിക്കാൻ ഇടയാക്കുന്ന ഒരു വസ്തുതയാണ്. ജാമ്യത്തിലിറങ്ങുന്ന പ്രതികൾ വീണ്ടും ലഹരിക്കച്ചവടത്തിലേക്കു തന്നെയാണ് തിരിയുന്നത്. ഇത്തരം കേസുകളിൽ യഥാസമയം ശിക്ഷ നൽകണമെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരിക്കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ വരേണ്ടതാണ്. ഇപ്പോൾ കോഴിക്കോട്ട് വടകരയിലും,​ ഇടുക്കി പുറപ്പുഴയിലും മാത്രമാണ് നാർക്കോട്ടിക്സ് നിയമ പ്രകാരം പ്രവർത്തിക്കുന്ന പ്രത്യേക കോടതികൾ ഉള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാർക്കോട്ടിക്സ് കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ടതു സംബന്ധിച്ച് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരിക്കുകയാണ്. ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.

ഇതു സംബന്ധിച്ച് നേരത്തേ ഹൈക്കോടതി രജിസ്ട്രി സർക്കാരുകൾക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേരളത്തിലെ ലഹരിക്കേസുകളുടെ വൻ വർദ്ധനവ് പരിഗണിച്ച് കേന്ദ്ര സർക്കാർ ധനസഹായം നൽകേണ്ടതാണ്. കോടതികൾ സ്ഥാപിക്കാനുള്ള കെട്ടിടങ്ങൾ വിട്ടുകൊടുക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സംസ്ഥാന സർക്കാരും തയ്യാറാകേണ്ടതാണ്. ബോധവത്കരണം കൊണ്ടു മാത്രം തടയാനാകുന്നതല്ല ലഹരിയുടെ വ്യാപനം. അതിന് യഥാസമയം തക്കതായ ശിക്ഷ ഉറപ്പാക്കുകയും വേണം. അതിനാൽ എല്ലാ ജുഡിഷ്യൽ ജില്ലകളിലും നാർക്കോട്ടിക്സ് കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ വരേണ്ടത് അനിവാര്യമാണ്.