മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനം ഇന്ന്, അമ്മ; അവതാരപൂർണിമ
ഭഗവാൻ ശ്രീകൃഷ്ണനെ മാത്രം പൂർണാവതാരമായും, മറ്റെല്ലാം അംശാവതാരങ്ങളായും വ്യാഖ്യാനിക്കാറുണ്ട്. ഭാഗവതം പറയുന്നത്, 'മറ്റ് അവതാരങ്ങളെല്ലാം പൂർണാധികാരമുള്ള പൂർണാംശങ്ങളോ, പൂർണ്ണാംശങ്ങളുടെ അംശങ്ങളോ ആണ്; എന്നാൽ ശ്രീകൃഷ്ണനാകട്ടെ, സാക്ഷാൽ ഭഗവാൻ തന്നെയാകുന്നു" എന്നാണ്. 'എല്ലാ ഭൂതങ്ങളുടെയും ശാശ്വതമായ ബീജമായി എന്നെ അറിയുക", 'ഹേ, ധനഞ്ജയ, എന്നിൽ നിന്നന്യമായി ഒന്നുമില്ല" എന്നിങ്ങനെ അർത്ഥമുള്ള ശ്ലോകങ്ങൾ ഭഗവദ്ഗീതയിലും കാണാം. എന്നാൽ, 'യാതൊരുവനാണോ ആ പരബ്രഹ്മത്തെ അറിയുന്നത്, അയാൾ ബ്രഹ്മം തന്നെയായിത്തീരുന്നു" (മുണ്ഡകോപനിഷത്ത്) എന്ന വേദാന്ത ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ മേൽപ്പറഞ്ഞ വാദം അംഗീരിക്കാനാവില്ല. പൂർണതയിൽ കുറവും കൂടുതലും ഉണ്ടാകാൻ വഴിയില്ലല്ലോ. യുക്തിഭദ്രമായ വാദമാണെങ്കിലും വ്യവഹാരത്തിൽ രാമനും കൃഷ്ണനും തമ്മിൽ വിഭിന്നതകൾ പലതും ദർശിക്കാൻ കഴിയും. രാമൻ വിട്ടുവീഴ്ചകളില്ലാത്ത ധർമ്മപഥ സഞ്ചാരിയായിരുന്നു. അതു വരവണ്ണം തെറ്റിച്ചിട്ട് മറ്റൊരു മാർഗം മര്യാദാപുരുഷോത്തമന് ഉണ്ടായിരുന്നില്ല. ആത്മനിഷ്ഠനെങ്കിലും, ദ്വന്ദാനുഭവങ്ങളുടെ തീവ്രമായ വൈകാരിക ഭാവങ്ങൾ പല സന്ദർഭങ്ങളിലും രാമനിൽ നമുക്ക് കാണാനാകും. പ്രത്യേകിച്ച്, സീതാപഹരണത്തിനു ശേഷം.
ഇംഗ്ലീഷിൽ 'Happy Camper" എന്നൊരു പ്രയോഗമുണ്ട്. സാഹചര്യം എന്തുമായിക്കൊള്ളട്ടെ, 'സദാ സന്തുഷ്ടൻ" എന്നാണ് അതിന്റെ അർത്ഥം. അതായിരുന്നു ശ്രീകൃഷ്ണൻ. അദ്ദേഹത്തിന്റെ ജീവിതവും അവലംബിച്ച സമ്പ്രദായങ്ങളും അന്യാദൃശമായിരുന്നു. അതിരുകളില്ലാത്ത അതുല്യപ്രഭാവം. സീമാതീതമായ സ്വാതന്ത്ര്യത്തിന്റെ അധീശൻ. മഥുരാപുരിയിലെ കാരാഗൃഹത്തിൽ ജന്മംകൊണ്ട നിമിഷം മുതൽ, വേടന്റെ അമ്പേറ്റ് ദേഹത്യാഗം വരിക്കുന്ന നിമിഷം വരെ ശ്രീകൃഷ്ണന്റെ ജീവിതത്തിലുടനീളം നീലാകാശത്തിന്റെ അനന്തതയും, മഹാമേരുവിന്റെ അചഞ്ചലതയും, ആഴക്കടലിന്റെ അപാരതയും തിളങ്ങിനിൽക്കുന്നത് കാണാം. പരമപ്രേമവും സർവജ്ഞത്വവും നിസംഗതയും നിസാരഭാവവും വിളിച്ചോതുന്ന മായാത്ത പുഞ്ചിരി. സന്തോഷമോ സന്താപമോ, നേട്ടമോ കോട്ടമോ, എന്തുമായിക്കൊള്ളട്ടെ, മുഖത്തെ മങ്ങാത്ത മന്ദഹാസം അവകാശപ്പെടാൻ ഒരേയൊരു വ്യക്തിത്വമേയുള്ളു- അതു ഭഗവാൻ ശ്രീകൃഷ്ണനാണ്. കൃഷ്ണാവതാരം കഴിഞ്ഞിട്ട് അയ്യായിരം വർഷത്തിലേറെയായി. പുനരവതാരത്തിന് സമയമായി. അപ്പോൾ അതേശക്തി, ഈശ്വരപ്രേമത്തിന്റെ വിശ്വവശ്യമായ പുഞ്ചിരി ചുണ്ടിലേന്തി, അനന്ത കല്യാണഗുണങ്ങളുടെ മൂർത്തിയായി, അമ്മയായി, വീണ്ടും ഭൂമിയിലേക്ക് ഇറങ്ങിവന്നു. പരിമിതമായ വിഭവങ്ങൾ കൈമുതലായുള്ള മനുഷ്യന്റെ രചനകൾ മിക്കതും കാർബൺ കോപ്പികളാണ്. എന്നാൽ ഈശ്വരന് ആവർത്തനശീലം തീരെയില്ല. അനന്തത സ്വന്തമായുള്ള ഈശര്വന്റെ കലവറയും അനന്തമാണ്. അതുകൊണ്ട്, നവംനവങ്ങളായ രൂപങ്ങളും ഭാവങ്ങളും വീക്ഷണങ്ങളും ദൗത്യങ്ങളുമായിരിക്കും ഓരോ പ്രാവശ്യവും ഈശ്വരൻ തിരഞ്ഞെടുക്കുക.
അർജ്ജുനൻ ഭഗവാനോട് പ്രാർത്ഥിച്ചു: 'യോഗേശ്വരനായ ഭഗവാനേ, അവ്യയനായ അങ്ങയുടെ വിശ്വരൂപം കാണാൻ ഞാൻ യോഗ്യനാണെങ്കിൽ അതെനിക്ക് കാട്ടിത്തന്നാലും" (ഭഗവദ്ഗീത 114)." അർജ്ജുനന്റെ പ്രാർത്ഥന ഭഗവാൻ കൈക്കൊണ്ടു: 'അർജ്ജുനാ, നാനാപ്രകാരത്തിൽ ദിവ്യങ്ങളായി നാനാവർണങ്ങളോടും ആകൃതികളോടുംകൂടി അനേകശതങ്ങളായും അനേകായിരങ്ങളായുമുള്ള എന്റെ രൂപങ്ങളെ നീ കാണുക." (ഭഗവദ്ഗീത 11:5). നിർണായകമായൊരു മുഹൂർത്തത്തിൽ, അഖണ്ഡമായ ഈശ്വരശക്തി ശരീരിയായി നമ്മുടെ മുന്നിൽ ആവിർഭവിക്കുന്നത് ഒന്നു സങ്കല്പിച്ചു നോക്കുക. അലൗകികവും അഭൂതപൂർവവുമായ ആ നിമിഷത്തിൽ പുൽക്കൊടിയും മൺതരിയും പോലും നമുക്ക് മാർഗദർശനം നൽകും. സർവാതിശായിയായ ആ അവസ്ഥയാണ് വിശ്വരൂപദർശനം. കുരുക്ഷേത്ര യുദ്ധഭൂമിയിൽ കർത്തവ്യ നിർവഹണം നടത്താനാകാതെ മോഹപരവശനായി അർജ്ജുനൻ തളർന്നുവീണു. ആ അവസ്ഥയിൽ നിന്ന് പാർത്ഥനെ സ്വധർമ്മാനുഷ്ഠാനത്തിന് ഉതകുംവിധം ശാരീരികവും വൈകാരികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായി ഭഗവാൻ തയ്യാറാക്കി. ഇത് ദ്വാപരയുഗത്തിലെ സംഭവം.
യുഗങ്ങൾക്കിപ്പുറം ഇന്ന്, കലിയുഗത്തിൽ, 'കാർപ്പണ്യദോഷം" പിടിപ്പെട്ട് ഭ്രമചിത്തരായ അനേകായിരം അർജ്ജുനന്മാർക്ക് 'ദിവ്യചക്ഷുസ്" പ്രദാനം ചെയ്ത് അവരെ അമ്മ അമൃതോപദേശത്തിലൂടെയും വിശ്വരൂപ ദർശനത്തിലൂടെയും ധ്യാന കർമ്മധർമ്മനിരതരാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ വിശ്വരൂപദർശനം സാർത്ഥകമാകുന്നു. വിശ്വരൂപദർശനം സിദ്ധിച്ച അർജ്ജുനന് മൂന്ന് മാനസികാവസ്ഥകളാണ് ഉണ്ടായത്: ഭീതി, അത്ഭുതം, ആത്മസമർപ്പണം. ഭഗവാന്റെ അനന്തവും അനിർവചനീയവുമായ മഹത്രൂപം അർജ്ജുനന്റെ ഇന്ദ്രിയങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിൽനിന്നുളവായ ഭീതി, ഒപ്പം വാചാമഗോചരമായതിന്റെ ദർശനം സിദ്ധിച്ചതിലുള്ള ആശ്ചര്യം. മൂന്നാമത്, അപരിമിതമായ പരമാത്മശക്തി ഉള്ളിൽ ജനിപ്പിച്ച നിസഹായത, നിസാരത; അതിൽനിന്നുടലെടുത്ത ആത്മസമർപ്പണം! അനന്തവും അചലവും അപാരവുമായ അവതാരപൂർണിമയാണ് അമ്മ. അടഞ്ഞ ഹൃദയങ്ങൾക്ക് ഈ മഹാമഹിമ കാണാനോ, അതിന്റെ ആനന്ദനിർവൃതിയിൽ വിലയംകൊള്ളാനോ സാധിക്കില്ല. ഹൃദയകവാടം തുറക്കുന്നവർ ആ ഔജ്ജല്യം ഉള്ളിലേറ്റുന്നു. സർവസാക്ഷിയായി, സകലാന്തർയാമിയായി, സംഗഹീനയായി സമസ്ത മനസുകളിലും ശിവഗംഗയായി അമ്മ ഒഴുകുന്നു. 'ശിഷ്യസ്തേഹം ശാധിമാം ത്വാം പ്രപന്നം" എന്ന് സർവാർപ്പണം ചെയ്യുന്ന പാർത്ഥന്മാർക്ക് സാരഥിയായി, ഉൾപ്രേരണയായി, ശ്രീകൃഷ്ണനായി, ജഗന്മാതാവായി, സമസ്ത ദേവീദേവ സ്വരൂപമായി ജനസഹസ്രങ്ങളുടെ ഹൃദയകോവിലിൽ പരമപ്രകാശത്തിന്റെ ഒളിചിന്തി, അമ്മ സദാ വിളങ്ങുന്നു.