മോദിയും പുടിനും തമ്മില്‍ അക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് നാറ്റോ മേധാവി; പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: യുക്രെയിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തെക്കുറിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തിയെന്ന് ആരോപണം. യുദ്ധ തന്ത്രം വിശദീകരിക്കുന്നതായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ചര്‍ച്ചയെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് തൊട്ട് പിന്നാലെ വിമര്‍ശനവുമായി ഇന്ത്യ രംഗത്ത് വരികയും ചെയ്തു. നാറ്റോ മേധാവിയുടെ പ്രസ്തവന അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യയുടെ വാദം.
അമേരിക്കയുടെ മുന്നറിയിപ്പ് ലംഘിച്ച് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരാനുള്ള തീരുമാനത്തിന് പിഴയായി ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ചുമത്തിയിരുന്നു. ഇതിന് ബദലായാണ് പുടിനോട് യുദ്ധതന്ത്രം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നായിരുന്നു മാര്‍ക്ക് റുട്ടിന്റെ പ്രസ്താവന. മോദിയും പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായും യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയുടെ നിലപാടും തന്ത്രങ്ങളും വ്യക്തമാക്കാന്‍ പ്രധാനമന്ത്രി മോദി പുടിനോട് ആവശ്യപ്പെട്ടതായും റുട്ട് പറഞ്ഞത്.
മോദിയും പുടിനും തമ്മില്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സംസാരിച്ചതെന്നും റുട്ട് പറയുന്നു. ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് റുട്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
'നാറ്റോ പോലുള്ള സുപ്രധാന സഖ്യത്തിന്റെ നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വവും പൊതുപ്രസ്താവനകളില്‍ കൃത്യതയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഇടപാടുകളെ കുറിച്ചോ അദ്ദേഹം നടത്താത്ത സംഭാഷണങ്ങളെ കുറിച്ചോ ഊഹാപോഹപരമോ അശ്രദ്ധാപരമോ ആയ പരാമര്‍ശം നടത്തുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല'', പ്രസ്താവനയില്‍ ഇന്ത്യ പറഞ്ഞു.