സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്;എസ്. എഫ്. ഐക്ക് ജയം
കെ.എസ്.യുവിന് രണ്ടു സീറ്റും നഷ്ടമായി മൂന്ന് സീറ്റുകളിൽ എം.എസ്.എഫ്
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. ആകെയുള്ള പത്ത് സീറ്റിൽ ഏഴും എസ്.എഫ്.ഐ കരസ്ഥമാക്കി. ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾ എം.എസ്.എഫിനാണ്. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന കെ.എസ്.യു വിന് ഒരു സീറ്റും നേടാനായില്ല. എസ്.എഫ്.ഐയും എം.എസ്.എഫും കഴിഞ്ഞ തവണത്തേക്കാൾ ഓരോ സീറ്റ് വീതം അധികമായി നേടി.
എസ്.എഫ്.ഐയുടെ സ്വാതി പ്രദീപൻ, അമൽ പവനൻ, കെ.വി.റോഷിൻ, എം.അനുരാഗ്, പി.അമൽരാജ്, ആര്യ എം. ബാബു, കെ.കെ.വരുൺ എന്നിവരും എം.എസ്.എഫിന്റെ കെ.മുനവർ , സയ്യിദ് താഹ, സലാം ബെളിഞ്ചം എന്നിവരാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ ആനയിച്ച് കണ്ണൂരിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ബിപിൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.അഖില അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, പ്രണവ് രാജ്, ടി.ജോയൽ , പി.സ്വാതി എന്നിവർ പ്രസംഗിച്ചു.