വെർച്വൽ അറസ്റ്റ് തട്ടിപ്പ്: ഒരു കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ

Saturday 27 September 2025 1:50 AM IST

കളമശേരി: വെർച്വൽ അറസ്റ്റിലൂടെ ഓൺലൈൻ തട്ടിപ്പ് നടത്തി കളമശേരി സ്വദേശിയുടെ ഒരു കോടി കവർന്ന കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്രിലായി. മുക്കം തുമ്പചാലിൽ വീട്ടിൽ മുഹമ്മദ് ജസീൽ (23), നീലേശ്വരം തെക്കേകുന്നത്ത് ടി .കെ.മുഹമ്മദ് (24) എന്നിവരാണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 13 ന് ബി.ടി.പി.എസ്. ലക്നോ ഇൻസ്പെക്ടർ ഒഫ് പൊലീസ് രഞ്ജിത് കുമാർ എന്ന് പരിചയപ്പെടുത്തി കളമശേരി സ്വദേശിയായ മുൻ ഐ.ആർ. ഇ. ജീവനക്കാരന്റെ മൊബൈൽ ഫോണിലേക്ക് വാട്സ് ആപ് വീഡിയോ കോൾ ചെയ്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ ഐ.എസ്.ഐ പാക്കിസ്ഥാന് ചോർത്തി കൊടുക്കുന്നതിനു വേണ്ടി ആസിഫ് ഫൗജി എന്നയാളിൽ നിന്ന് 55 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഭയപ്പെടുത്തുകയും നിരപരാധിത്വം തെളിയിക്കുന്നതിന് സഹായിക്കാൻ എന്ന പേരിൽ അക്കൗണ്ടിൽ നിന്ന് 1,05, 06184 രൂപ പ്രതിയായ മുഹമ്മദ് ജസീലിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയുമായിരുന്നു. കർണാടകയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.

ഇൻസ്‌പെക്ടർ ദിലീഷ് ടി, എസ്. ഐ. എൽദോ എ.കെ, എസ്.സി.പി. ഓമാരായ അരുൺ എ.എസ്, മാഹിൻ അബൂബക്കർ, വിനു കെ.വി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.