ട്രംപ് സമാധാനത്തിന്റെ പ്രതിപുരുഷൻ: നോബൽ നൽകണം,​ ഇന്ത്യ - പാക് വെടിനിറുത്തലിന് മദ്ധ്യസ്ഥത വഹിച്ചെന്ന് ഷഹബാസ് ഷെരീഫ്

Friday 26 September 2025 10:09 PM IST

ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യ - പാക് വെടിനിറുത്തലിന് ട്രംപ് നിർണായക പങ്കു വഹിച്ചെന്നും ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യ പലവട്ടം നിഷേധിച്ച ട്രംപിന്റെ അവകാശനാദമാണ് പാകിസ്ഥാൻ യു.എന്നിൽ ആവർത്തിച്ചത്.

ട്രംപരിന്റെ സമാധാന ശ്രമങ്ങൾ ദക്ഷിണേഷ്യയിൽ യുദ്ധം ഒഴിവാക്കി. അദ്ദേഹം തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമാകുമായിരുന്നു. ഇത്തരത്തിൽ ലോകത്താകെ സമാധാനത്തിനായി ശ്രമിക്കുന്ന ട്രപിനെ പാകിസ്ഥാൻ സമാധാന നോബലിനായി ശുപാർശ ചെയ്യുന്നുവെന്നും ഷരീഫ് പറഞ്ഞു. അദ്ദേഹമാണ് ശരിക്കുള്ള സമാധാനത്തിന്റെ പ്രതിപുരുഷനെന്നും ഷെരീഫ് പ്രശംസിച്ചു.

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനാണ് ജയിച്ചതെന്ന വിചിത്രവാദവും ഷെരീഫ് ഉന്നയിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയമായ മുതലെടുപ്പിനായി പാകിസ്ഥാനെ ആക്രമിച്ചു. എന്നാൽ ഫീൽഡ് മാർഷൽ അസീം മുനീറിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സൈന്യം അവർക്ക് ആകാശത്ത് വച്ച് മറുപടി നൽകി. ഏഴ് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ഞങ്ങൾ തകർത്തുവെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ആരുടെയും മദ്ധ്യസ്ഥതയില്ലാതെ ഇരുപക്ഷവും കൊണ്ടുവന്ന ധാരണ പ്രകാരമാണ് വെടിനിറുത്തലുണ്ടായതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറും നേരത്തെ വ്യക്തമാക്കിയിരുന്നു,​ ഇതിന് കടക വിരുദ്ധമായാണ് ഷരീഫിന്റെ പുതിയ അവകാശവാദം.