മാടായി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൈയേറ്റം; അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്
പഴയങ്ങാടി:പുതിയങ്ങാടിയിലെ സി എച്ച് സെന്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരനെ കൈയേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ അഞ്ച് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. അക്രമത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന ചൂട്ടാട് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞ്, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർക്ക് പരിക്കേറ്റു.ഇവർ പഴയങ്ങാടി താലൂക്കാശുപത്രിയിൽ നിന്ന് ചികിത്സ തേടി.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപത്തെ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വായനശാല ആൻഡ് ലൈബ്രറിയിൽ ഇരിക്കുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കൈയേറ്റം ചെയ്തെന്നാണ് പരാതി. പതിനഞ്ചായിരം രൂപയുടെ ഫർണിച്ചറുകൾ സംഘം അടിച്ചു തകർതെന്നും സഹീദ് കായിക്കാരൻ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. യൂത്ത് ലീഗ് പ്രവർത്തകരും ചൂട്ടാട് സ്വദേശികളുമായ കെ.എം.ആഷിക്, കെ.എം.റംഷാദ് ,കെ.എം.ജാഫർ, കെ.പി. സാലഹ്, എം.നൗഷാദ് എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്.
പുതിയങ്ങാടി ചൂട്ടാട് റോഡിന്റെ നവീകരണത്തിന് വേണ്ടി ഫണ്ട് നീക്കി നീക്കിവെക്കുന്നതുമായി വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പറയപ്പെടുന്നു. മുൻ ചൂട്ടാട് മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എം.ഗഫൂറിനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്താണ് സംഘം അക്രമം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ പറയുന്നു.