എയിംസിൽ സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി ജില്ലാ നേതൃത്വം

Saturday 27 September 2025 1:34 AM IST

ആലപ്പുഴ : എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ നേതൃത്വം. എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കാമെന്നാണ് ബി.ജെ.പി നിലപാടെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ ബിനോയ്‌ വ്യക്തമാക്കി. കണിച്ചുകുളങ്ങരയിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ്.

എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും പി.കെ ബിനോയ്‌ വ്യക്തമാക്കി. എയിംസ് ആലപ്പുഴയിലോ തൃശൂരോ വേണമെന്ന അഭിപ്രായം വെള്ളിയാഴ്ചയും സുരേഷ് ഗോപി ആവർത്തിച്ചതിനിടെയാണ് ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം അദ്ദേഹത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയത്.