ശ്രീബുദ്ധൻ പ്രഭ ചൊരിയും പ്രവേശനകവാടം
മുഹമ്മ: അഹിംസയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെും പ്രഭ ലോകത്ത്
ചൊരിഞ്ഞ ശ്രീബുദ്ധൻ, നൂറ്റാണ്ടുകൾക്ക് ശേഷവും മനുഷ്യ മനസുകളെ സ്വാധീച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ് അനൂപിന്റെ വീട്ടിലെ പ്രവേശനകവാടം.
ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ അനൂപിന്റെ ഇതൾ എന്ന വീടിന്റെ ഗേറ്റിലാണ് ആൽമരച്ചുവട്ടിൽ തപസനുഷ്ഠിക്കുന്ന ഗൗതമ ബുദ്ധന്റെ ചിത്രം
ടി.എൻ.സി കട്ടിംഗിലൂടെ തെളിഞ്ഞുനിൽക്കുന്നത്. ആൽമരത്തെ ചുറ്റിപ്പടർന്ന വള്ളിച്ചെടിയും പാറിപ്പറക്കുന്ന പറവകളെയും ഒപ്പം കാണാം.
റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരിലും വീട്ടിലെത്തുന്ന അതിഥികളിലും, ലോകത്തിന് വെളിച്ചമായി തീർന്ന ശ്രീബുദ്ധൻ ഒരു നെയ്‌ത്തിരിയായി തെളിയാൻ ഇത് കാരണമാകുമെന്നതിൽ സംശയമില്ല. അനൂപിന്റെ വീട്ടിലേക്ക് കടന്നുചെന്നാലും ശ്രീ ബുദ്ധന്റെ ഓയിൽ പെയിന്റിംഗുകൾ കാണാം.കുട്ടിക്കാലം മുതൽ തന്നെ അനൂപിന് ശ്രീബുദ്ധൻ വലിയ ആരാധനയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെത്തുന്നവരെ ശ്രീബുദ്ധന്റെ ശാന്തസ്വരൂപം തന്നെ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
മണ്ണഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ ആദ്യകാല നേതാക്കളിൽ ഒരാളുമായ പരേതനായ പി.കെ.വാസുവിന്റെ ചെറുമകനാണ് അനൂപ്.
താമരയുടെ ഇതൾ
ഇരുമ്പ് ഫ്രെയിം ചരിച്ച് നിർമ്മിച്ച് അതിൽ ഓട് മേഞ്ഞതാണ് ഇതളിന്റെ മതിൽ. അത് പണിതുകഴിഞ്ഞപ്പോഴാണ് ഗേറ്റും വ്യത്യസ്തമായിരിക്കണമെന്ന ചിന്ത അനൂപിൽ പിടിമുറുക്കിയത്.
അതിനായി പലരെയും കൊണ്ട് ഡിസൈൻ വരപ്പിച്ചെങ്കിലും ഒന്നും ഇഷ്ടമായില്ല. അപ്പോഴാണ് അന്ന് ഏഴാം ക്ലാസുകാരിയയായ മകൾ താമര ശ്രീബുദ്ധന്റെ ചിത്രം വരച്ചുനൽകിയത്. അത് എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു. ഒരുവർഷം മുമ്പായിരുന്നു അത്.ചിത്ര, നൃത്ത കലാവിദ്യാർത്ഥിയും കൂടിയാണ് താമര. മതിലും ഗേറ്റും പോലെതന്നെ ഇതൾ എന്ന വീട്ടുപേരും ഇഷ്ടപ്പെട്ടതായി പലരും പറയാറുണ്ടെന്ന് അനൂപ് സാക്ഷ്യപ്പെടുത്തുന്നു. അനൂപും ഭാര്യ ശ്രീദേവിയും മക്കളായ താമരയും തമ്പുരുവുമാണ് ഇതൾ വീട്ടിലെ താമസക്കാർ.