നന്ദികേശ ഒരുക്കങ്ങൾക്ക് വിനയായി തോരാമഴ

Saturday 27 September 2025 1:40 AM IST

ആലപ്പുഴ: നവരാത്രി ആഘോഷങ്ങൾക്കും ഓണാട്ടുകരയിലെ ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ തയ്യാറെടുപ്പുകൾക്കും മഴ വിനയായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത പരിപാടികളുടെയും കലാപരിപാടികളുടെയും നിറം കെടുത്തി.

വിജയദശമി ആഘോഷങ്ങളുടെ തൊട്ടടുത്ത ദിവസമായ ഒക്ടോബർ 3നാണ് ഓണത്തിന് സമാനമായ നിലയിൽ ഓണാട്ടുകരയിലെ ഇരുപത്തെട്ടാം ഓണാഘോഷം നടക്കുന്നത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളിൽ നിന്നായി ചെറുതും വലുതുമായ നൂറുകണക്കിന് കെട്ടുകാഴ്ചകൾ ഓച്ചിറ പടനിലത്തെത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാണ്.

കരകളിലെല്ലാം കാളകളെ കെട്ടിയൊരുക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി മഴ ശക്തമായത് ബുദ്ധിമുട്ടായിട്ടുണ്ട്. കാളയെ കെട്ടുന്നതിനുള്ള വൈക്കോൽ നനയാതെ സൂക്ഷിക്കലാണ് വെല്ലുവിളി. ഇനി ഒരാഴ്ചമാത്രമാണ് ഇരുപത്തെട്ടാം ഓണാഘോഷത്തിനുള്ളത്. തെങ്ങോളം പൊക്കമുള്ള കാളക്കൂറ്റൻമാരെ കെട്ടി ഒരുക്കുന്നതിൽ നിർണായകമായ ദിവസങ്ങളാണ് ശേഷിക്കുന്നത്. ടാർപോളിനുകൾ വലിച്ചുകെട്ടി മഴയേൽക്കാതെയാണ് പലേടത്തും നന്ദികേശൻമാരുടെ നിർമ്മാണം. ചട്ടക്കൂടിന്റെ പണികൾ പൂർത്തിയാക്കി ഉടൽ നിർമ്മാണം ആരംഭിച്ചപ്പോഴാണ് മഴ വില്ലനായത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് കച്ചിയിൽ ഉടൽ മെനഞ്ഞെടുത്ത് അതിന് മീതെ വെള്ള വിരിച്ച് അലങ്കാര പണികളെല്ലാം പൂർത്തിയാക്കി ശിരസ് കയറ്റിയാലേ പടനിലത്തേക്ക് എഴുന്നള്ളത്തിനുള്ള നന്ദികേശൻമാരാകൂ. നന്ദികേശ നിർമ്മാണത്തിനും തലയെടുപ്പുള്ള കാളകളെ പടനിലത്തെത്തിക്കാനും കരകൾ തമ്മിൽ മത്സരമാണ്.

ഇത്തവണ കൂടുതൽ

നന്ദികേശൻമാർ

മുൻ വർഷത്തേക്കാൾ കൂടുതൽ കാളകൾ വിവിധ കരകളുടെയും നേർച്ചക്കാരുടെയും വകയായി ഇത്തവണയും ഓച്ചിറ പടനിലത്തെത്തുമെന്നാണ് പ്രതീക്ഷ. കാളകെട്ടുന്ന സ്ഥലങ്ങളിലെല്ലാം പകൽ സമയങ്ങളിൽ ഭാഗവതപാരായണവും പൂജകളും അന്നദാനമുൾപ്പെടെയുള്ള ചടങ്ങുകളുമുണ്ട്. രാത്രിയിൽ ദീപാരാധന, ദീപക്കാഴ്ച, ഭക്തിഗാന പരിപാടികൾ, മറ്റ് കലാപരിപാടികൾ എന്നിവയും നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ കാളമൂട്ടിലേക്കുള്ള ഭക്തജനങ്ങളുടെ വരവിനും തടസമായി. രണ്ട് ദിവസത്തിനകം മഴ ശമിക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകരും നാട്ടുകാരും.

പ്രാദേശിക അവധി നൽകണം : യു.പ്രതിഭ എം.എൽ.എ

ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ഒക്ടോബർ 3ന് പ്രാദേശിക അവധി നൽകണമെന്ന് യു.പ്രതിഭ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.