ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
വിഴിഞ്ഞം: കോവളം സ്വദേശിയായ പാചകത്തൊഴിലാളി സഹോദരിയുടെ വീടിന്റെ ടെറസിൽ മരിച്ച സംഭവത്തിൽ സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാൾ കസ്റ്റഡിയിലായതായി സൂചന. കോവളം നെടുമം പറമ്പിൽവീട്ടിൽ രാജേന്ദ്രനെ (60) ആണ് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടത്.പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ആളെ 17ന് വീടിന്റെ ടെറസിന്റെ മുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് തുടരന്വേഷണത്തിന് കാരണം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കളുൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ബന്ധുകൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അതിലുള്ള ഒരാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ആളുടെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ സംഭവിക്കുന്ന തരത്തിലുള്ള നഖപ്പാടുകളുള്ളതായി സൂചനയുണ്ട്. നഗരത്തിലെ ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു രാജേന്ദ്രൻ. ഭാര്യമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു.