വ്യാപാരിയെ ആക്രമിച്ച് 2 ലക്ഷം തട്ടിയ നാലുപേർ പിടിയിൽ
ആറ്റിങ്ങൽ: വ്യാപാരിയെ ആക്രമിച്ച് 2 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നാലുപേർ പിടിയിൽ.ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ് (38), രാമച്ചംവിള മത്തിയോട് കിഴക്കുംപുറം ചരുവിള വീട്ടിൽ അനൂപ് (27), എ.സി.എ.സി നഗർ ശ്യാമ നിവാസിൽ ശരത്ത് (28), കടുവയിൽ വാവറവീട് എം.എം നിവാസിൽ മഹി (23) എന്നിവരാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണമെടുക്കാനെന്ന് ധരിപ്പിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി വ്യാപാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ചിറയിൻകീഴ് വലിയകട ശ്രീകൃഷ്‌ണ ജുവലറി വർക്സ‌് ഉടമ വെള്ളല്ലൂർ സ്വദേശി സാജന്റെ (40) പണമാണ് പ്രതികൾ കവർന്നത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പാങ്ങോട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് അഭിലാഷ് അറിയിച്ചതനുസരിച്ചാണ് സാജനും കടയിലെ ജോലിക്കാരനും നാലര ലക്ഷം രൂപയുമായി പുറപ്പെട്ടത്. അഭിലാഷ് പറഞ്ഞു വിട്ട ഓട്ടോയിലാണ് ഇരുവരും പോയത്. ശരത്തായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. ഒപ്പം മഹിയുമുണ്ടായിരുന്നു. ആറ്റിങ്ങലിന് സമീപം രാമച്ചംവിള ദേശീയപാതയ്ക്കായി പണി നടക്കുന്ന സ്‌ഥലത്തെത്തിയപ്പോൾ ഓട്ടോയുടെ പിൻവശത്ത് പതുങ്ങിയിരുന്ന രണ്ടുപേർ സാജന്റെ കണ്ണിൽ മുളകുപൊടി വിതറുകയും ആക്രമിച്ചെന്നും കൈവശമുണ്ടായിരുന്നതിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്നെന്നുമാണ് സാജൻ നൽകിയ പരാതിയിൽ പറയുന്നത്. പരിക്കേറ്റ സാജൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഇവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.