'പുനർജീവനം 2.0': സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Saturday 27 September 2025 2:38 AM IST

തൊടുപുഴ:കാർഷിക മേഖലയിലെ ഉപജീവനം സുസ്ഥിരമാക്കാനും കുടുംബശ്രീയുടെ സഹകരണത്തോടെ കർഷകരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള 'പുനർജീവനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വെള്ളിയാമറ്റത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണാംകുന്നേൽ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം ആശംസിക്കും. ഐ.സി.എ.ആർ സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. ജി. ബൈജു ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നടത്തും. ഫാം ലൈവ്ലിഹുഡ് അഗ്രിക്കൾച്ചർ പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരണം നടത്തും. കാർഷിക മേഖലയിലെ പുത്തൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഉപജീവനം മെച്ചപ്പെടുത്താൻ കുടുംബശ്രീയുടെ സംരഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായാണ് 'പുനർജീവനം 2.0' വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക സേവന കേന്ദ്രങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് സേവനങ്ങളും വിജ്ഞാനവും ലഭ്യമാക്കുന്ന ഈ പദ്ധതി, ഐ.സി.എ.ആർ സി.ടി.സി.ആർ.ഐ.യുടെ ട്രൈബൽ സബ് പ്ലാൻ പിന്തുണയോടെയാണ് നടപ്പാക്കുന്നത്.

ജെ. എൻ.റ്റി.ബി.ജി.ആർ.ഐ. ഡയറക്ടർ ഡോ. അരുണാചലം, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, വെള്ളിയാമറ്റം വൈസ് പ്രസിഡന്റ് ഷേർളി ജോസ്‌കുട്ടി, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.