ബന്ധുവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
Saturday 27 September 2025 1:44 AM IST
വെഞ്ഞാറമൂട്: ബന്ധുവീട്ടിൻ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33)വിനെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന നീതുവിന്റെ കുഞ്ഞമ്മയുടെയും അവരുടെ മരുമകളുടെയും ആഭരണങ്ങളാണ് കവർന്നത്. പാങ്ങോട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളും സിസി.ടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് നീതുവാണെന്ന് കണ്ടെത്തിയത്. പാങ്ങോട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിനീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ്,നിസാറുദീൻ ആൻസി,അനുമോഹൻ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.