ക്ലാസ് നോട്ടുകൾ എഴുതും യന്ത്രം!
തൃശൂർ: ക്ലാസ് റൂം നോട്ട്സും പ്രോജക്ടും റെക്കാഡുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ എഴുതിത്തരുന്ന യന്ത്രം. അതും വിദ്യാർത്ഥികളുടെ സ്വന്തം കൈപ്പടയിൽ. തൃശൂർ ചെറുതുരുത്തി നെടുമ്പുര പടിഞ്ഞാർക്കര വീട്ടിൽ പി.ആർ. ദേവ്ദത്ത് (22) വികസിപ്പിച്ച ഹാൻഡ് റൈറ്റിംഗ് യന്ത്രം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
'സ്‌റ്റൈലസ്' എന്ന ആൻഡ്രോയ്ഡ് ഡിവൈസ് വഴി എ മുതൽ ഇസെഡ് വരെയുള്ള അക്ഷരങ്ങളും ഒന്നുമുതൽ പത്തു വരെയുള്ള അക്കങ്ങളും ചിഹ്നങ്ങളും എല്ലാം ഇൻപുട്ടായി യന്ത്രത്തിന് നൽകും. ഇവ കാലിഗ്രാഫി കണക്കെ യന്ത്രം രേഖപ്പെടുത്തും. തുടർന്ന് എഴുതേണ്ട മാറ്റർ ആപ്പ് വഴി മെഷീന് നൽകിയാൽ ഓരോ പേജായി എഴുതി നൽകും. നോട്ട് ബുക്ക് വലിപ്പത്തിലുള്ള 200 പേജ് എഴുതാൻ 20 സെക്കൻഡ് മതി. ത്രീഡി പ്രിന്ററും മോട്ടോറും അലുമിനിയം ഫ്രെയിമുമടക്കമുള്ള യന്ത്രമാണ് പുറത്തിറക്കുന്നത്.
ജ്യോതി എൻജിനിയറിംഗ് കോളേജിൽ റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷന് പഠിക്കുമ്പോൾ നോട്ട്സും റെക്കാഡുമൊക്കെ എഴുതാനുള്ള മടിയിൽ നിന്നാണ് സ്വന്തം കൈപ്പടയിൽ യന്ത്രം കണ്ടുപിടിക്കുന്നതിൽ ദേവ്ദത്ത് എത്തിയത്. 2024ൽ കോഴ്‌സ് പൂർത്തിയാക്കിയതോടെയാണ് യന്ത്രം വിപണിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.
ക്ലാസ്‌മേറ്റായ സി.ടി. നവനീത് നളേശിനും ജ്യോതി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് പുനത്തിലിനുമൊപ്പം എയ്‌റോ ത്രീഡി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് ഈ വർഷം യന്ത്രം പുറത്തിറക്കാനാണ് ശ്രമം.
500 പേർക്ക് ഒരുമിച്ച്
ഉപയോഗിക്കാം
ഒരടുക്ക് പുസ്തകം ഒരുമിച്ചു വച്ച് എഴുതാനുള്ള സൗകര്യം യന്ത്രത്തിലുണ്ട്. 500 പേർക്ക് ഒരുമിച്ച് ഒരു യന്ത്രം ഉപയോഗിക്കാനുമാകും. ഓരോ വിദ്യാർത്ഥിയുടെയും കൈയക്ഷരം നൽകിയാൽ അതുപോലെ എഴുതിനൽകും. കോളേജുകളിലടക്കം പ്രോജക്ട് നിർബന്ധമായതിനാൽ വിദ്യാർത്ഥികൾക്ക് ഉപകാരമാകുമെന്ന് ദേവ്ദത്ത് പറയുന്നു.