തിളച്ച പാലിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Saturday 27 September 2025 12:56 AM IST

ബംഗളൂരു: തിളച്ച പാലിൽ വീണ് പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. കൊരപാടു അംബേദ്കർ ഗുരുകുൽ സ്‌കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. 20ന് സ്‌കൂളിലെ അടുക്കളയിൽവച്ച് കുട്ടി അബദ്ധത്തിൽ പാൽ നിറച്ച ചെമ്പിലേക്ക് വീഴുകയായിരുന്നു.

കൃഷ്ണവേണിക്കൊപ്പം അടുക്കളയിലെത്തിയ കുട്ടി ഇവിടെനിന്ന് മടങ്ങുകയും അല്പസമയത്തിനുശേഷം ഒറ്റയ്ക്ക് തിരികെ എത്തുകയുമായിരുന്നു. ഒരു പൂച്ചയെ പിന്തുടർന്നാണ് എത്തിയത്. ഇവിടെ വിദ്യാർത്ഥികൾക്കായുള്ള പാൽ ചെമ്പിൽ തണുപ്പിക്കാൻ വച്ചിരുന്നു. പൂച്ചയും പിന്നാലെ കുട്ടിയും ചെമ്പിനരികിലേക്ക് വരുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ കുട്ടി കാൽ തട്ടി ചെമ്പിലേക്ക് വീഴുകയായിരുന്നു. കുട്ടി ഉറക്കെകരയുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൃഷ്ണവേണി ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്തു. ആദ്യം അനന്ത്പുർ സർക്കാർ ആശുപത്രിയിലും പിന്നീട് കുർണൂൽ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.