പീഡനക്കേസിലെ സന്യാസിക്ക് തട്ടിപ്പുക്കേസിൽ മുൻകൂർ ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹിയിൽ 17 വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ആരോപണമുയർന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്ക് തട്ടിപ്പുക്കേസിൽ മുൻകൂർ ജാമ്യമില്ല. പട്യാല ഹൗസ് കോടതി ജാമ്യാപേക്ഷ തള്ളി. അതേസമയം, സന്യാസിയെ കണ്ടെത്താൻ ഡൽഹി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഡൽഹി വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിലെ കെയർടേക്കർ ആയിരുന്നു പാർത്ഥസ്വാമി എന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി. ശൃംഗേരി ദക്ഷിണാംനയ ശ്രീ ശാരദാ പീഠത്തിന്റെ കീഴിലുള്ളതാണ് ഈ സ്ഥാപനം. ആശ്രമത്തിനു കീഴിലെ മറ്റൊരു സ്ഥാപനത്തിന്റെ പേരിനോട് സാമ്യമുള്ള ട്രസ്റ്റ് രൂപീകരിച്ച് ഫണ്ടുകൾ വകമാറ്റി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് തട്ടിപ്പുക്കേസിലെ ആരോപണം. മാനേജ്മെന്റ് പി.ജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾ ഗുരുതര ആരോപണമാണ് സന്യാസിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹോസ്റ്റലിലെ കുളിമുറിയിൽ ഉൾപ്പെടെ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും, ദൃശ്യങ്ങൾ കാട്ടി ബ്ലാക്മെയിൽ ചെയ്‌തുവെന്നും മൊഴി നൽകി. രാത്രിയിൽ അശ്ലീല വാട്സാപ്പ് സന്ദേശങ്ങളും പതിവാണെന്ന് കൂട്ടിച്ചേർത്തു.