വിജയ്‌യെ പരിഹസിച്ച് ഉദയനിധിയും അണ്ണാമലൈയും
ചെന്നൈ: ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ആളല്ല താനെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 'ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന ഒരാളല്ല ഞാൻ. ഞായറാഴ്ചകളിൽ പോലും ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ന് ഏത് ദിവസമാണെന്ന് എനിക്കറിയില്ല.'- ഒരു പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെ വിജയുടെ പേരു പറയാതെയായിരുന്നു കമന്റ്. ശനിയാഴ്ച ദിവസങ്ങളിലാണ് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് രാഷ്ട്രീയയാത്ര നടത്തുന്നത്.
ഈ മാസം ആദ്യം, മന്ത്രി ദുരൈ മുരുകൻ വിജയുടെ പേര് പറഞ്ഞു തന്നെ വിമർശിച്ചു.'വിജയ് സ്‌ക്രീനിന് പിന്നിൽ നിന്ന് സംസാരിക്കുന്നു. ആദ്യം അദ്ദേഹം പുറത്തു വരട്ടെ. ശനിയാഴ്ചയോ ഞായറാഴ്ചയോ അദ്ദേഹം തന്റെ പ്രചാരണം നടത്തിയാൽ എന്ത് കാര്യമാണുള്ളത്. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു.'
തമിഴ്നാട് ബി.ജെ.പി മുൻ പ്രസിഡന്റ് കെ.അണ്ണാമലൈയും വിജയ്‌യുടെ പ്രചാരണങ്ങളുടെ ഷെഡ്യൂളിംഗിനെ പരിഹസിച്ചു. 'ഒരു രാഷ്ട്രീയക്കാരൻ വാരാന്ത്യങ്ങളിൽ മാത്രമല്ല, 24മണിക്കൂറും ആഴ്ചയിൽ 7ദിവസവും ലഭ്യമായിരിക്കണം. ടി.വി.കെ ഗൗരവമുള്ള ഒരു പാർട്ടിയാകണമെങ്കിൽ, അവർ അത് അവരുടെ പ്രവർത്തനങ്ങളിൽ കാണിക്കണം. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ നേതാക്കൾ 24മണിക്കൂറും പൊതുജനങ്ങൾക്ക് ലഭ്യമാണ്. വാരാന്ത്യങ്ങളിൽ മാത്രമേ ആളുകളെ കാണൂ എന്ന് വിജയ് പറഞ്ഞാൽ, രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് അത്രത്തോളം ഗൗരവം മാത്രമെയുള്ളൂവെന്ന് വ്യക്തം'- അദ്ദേഹം പറഞ്ഞു.
ഇന്ന് വടക്കൻ ചെന്നൈയിലാണ് വിജയ്‌യുടെ പ്രചാരണ പരിപാടി. സ്‌കൂൾ കുട്ടികളെ ബാധിക്കാതിരിക്കാനാണ് ശനിയാഴ്ചകളിൽ പ്രചാരണ പരിപാടികൾ നടത്താനുള്ള തീരുമാനമെന്ന് ടി.വി.കെ നേരത്തെ വ്യക്തമാക്കിയിരുന്നു.