ഏകീകൃത സിവിൽ കോഡ്: സമയമായില്ലേയെന്ന് ഡൽഹി ഹൈക്കോടതി

Saturday 27 September 2025 12:59 AM IST

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) കൊണ്ടുവരാൻ സമയമായില്ലേയെന്ന് ഡൽഹി ഹൈക്കോടതി. മുസ്ലിം സമുദായത്തിലെ പെൺകുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് അരുൺ മോൻഗയുടെ ചോദ്യം. ഋതുമതിയാകുന്നതോടെ ഇസ്ലാം നിയമമനുസരിച്ച് പെൺകുട്ടിക്ക് വിവാഹമാകാം. എന്നാൽ ഭാരതീയ ന്യായസംഹിത, പോക്‌സോ നിയമങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നിയമവിരുദ്ധമാണ്. ഭർത്താവ് പീഡനക്കേസിൽ അകത്താകും. ഇതു വലിയ പ്രതിസന്ധിയാണ്. വ്യക്തിനിയമങ്ങൾ പാലിക്കപ്പെടാൻ സമൂഹത്തെ ക്രിമിനൽവത്കരിക്കണമോ? വ്യക്തിനിയമങ്ങൾ ഇന്ത്യൻ നിയമങ്ങളെ മറികടക്കാത്ത തരത്തിൽ ചട്ടക്കൂട്ട് ഉറപ്പാക്കി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരേണ്ട സമയമായില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് യു.സി.സിയെ എതിർക്കുന്നവർ പറയുന്നത്. വ്യക്തികളെ ക്രിമിനൽ കേസിൽപ്പെടുത്തുന്ന സാഹചര്യം സൃഷ്‌ടിക്കുന്നതിനായി ആ സ്വാതന്ത്ര്യം ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങൾ നിരോധിക്കുകയെന്നതാണ് പ്രായോഗികമായ മാർഗം. നിയമനിർമ്മാതാക്കളാണ് തീരുമാനമെടുക്കേണ്ടത്. ശാശ്വത പരിഹാരം നിയമനിർമ്മാണ സഭകളിൽ നിന്നുണ്ടാകണമെന്നും ഹൈക്കോടതി താത്പര്യപ്പെട്ടു.

ഭർത്താവിന് ജാമ്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന കേസിൽ പ്രതിയായ മുസ്ലീം യുവാവിന് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശങ്ങൾ. രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് ആരോപണമുയർന്ന പെൺകുട്ടിയെയാണ് യുവാവ് വിവാഹം ചെയ്‌തത്. അതേ രണ്ടാനച്ഛനാണ് യുവാവിനെതിരെ പരാതി നൽകിയതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, സ്വന്തം കുറ്റം മറയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.