ജനറൽ ബോഡി വിളിക്കാത്തതിൽ പരാതിയുമായി വികസന സമിതി അംഗങ്ങൾ

Saturday 27 September 2025 2:19 AM IST

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയോഗം വിളിച്ചു കൂട്ടുന്നില്ലെന്നാരോപിച്ച് കളക്ടർക്ക് പരാതിയുമായി യു.ഡി.എഫ് അംഗങ്ങൾ. സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കണമെന്ന ചട്ടം പാലിക്കുന്നില്ലെന്നും കണക്കുകൾ പാസാക്കുന്നുമില്ലെന്നാണ് ആക്ഷേപം. 2023ന് ശേഷം ഇതുവരെ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയുടെ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ച അംഗീകാരം നേടാതെ സൊസൈറ്റിയുടെ പ്രവർത്തനം തുടരുന്നത് സൊസൈറ്റിയുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യുന്നതാണെന്നും യു.ഡി.എഫ് പറയുന്നു. ജോബിൻ ജേക്കബ്, കെ പി പോൾ, അസീസ് കുമാരനല്ലൂർ, റോയ് മൂളെക്കരി, ടിംസ് തോമസ് എന്നിവരാണ് കളക്ടർക്ക് പരാതി നൽകിയത്.