പാലസ്‌തീനെ അംഗീകരിക്കുന്നത് അപമാനകരം: നെതന്യാഹു
ന്യൂയോർക്ക്: സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തിനായി വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് തികച്ചും ഭ്രാന്തും അപമാനകരവുമാണെന്നും സ്വതന്ത്ര പാലസ്തീൻ യാഥാർത്ഥ്യമാകില്ലെന്നും പറഞ്ഞു. ജൂതരെ കൊല്ലുന്നതിനുള്ള പ്രതിഫലമെന്ന സന്ദേശമാണ് പാലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി 80 -ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ടിവിസ്റ്റുകളുടെയും മാദ്ധ്യമങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ചില രാജ്യങ്ങൾ പാലസ്തീനെ അംഗീകരിച്ചതെന്നും കുറ്റപ്പെടുത്തി. അതേസമയം, ഗാസയിൽ ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും സാധാരണക്കാരെ ലക്ഷ്യംവച്ചിട്ടില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനെയും രൂക്ഷമായി വിമർശിച്ചു.
അടുത്തിടെയാണ് ഓസ്ട്രേലിയ, യു.കെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പാലസ്തീനെ അംഗീകരിച്ചത്. ഗാസയിലെ ഭാവി ഭരണത്തിൽ ഹമാസിനെ ഉൾപ്പെടുത്തില്ലെന്നും അവർ ആയുധം വച്ച് കീഴടങ്ങണമെന്നും വ്യാഴാഴ്ച പാലസ്തീനിയൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞിരുന്നു. യു.എസ് വിസ നിഷേധിച്ചതിനാൽ വീഡിയോ മാർഗമാണ് അദ്ദേഹം യു.എന്നിനെ അഭിസംബോധന ചെയ്തത്.
# ബഹിഷ്കരണം, പ്രതിഷേധം
നെതന്യാഹുവിന്റെ പ്രസംഗം ചില രാജ്യങ്ങളിലെ പ്രതിനിധികൾ ബഹിഷ്കരിച്ചു. ചിലർ ഒച്ചവച്ചു പ്രതിഷേധിച്ചു. അതേസമയം, ബാൽക്കണിയിലുണ്ടായിരുന്നവർ നെതന്യാഹുവിന് എഴുന്നേറ്റ് നിന്ന് കൈയടി നൽകി
തന്റെ പ്രസംഗം ഇസ്രയേൽ അതിർത്തിയിലെ ഉച്ചഭാഷിണികൾ വഴി ഗാസയിൽ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് നെതന്യാഹു അറിയിച്ചു
2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായത് (ഹമാസ് ഭീകരാക്രമണം) ലോകത്തിന്റെ ഭൂരിഭാഗവും മറന്നെന്ന് നെതന്യാഹു കുറ്റപ്പെടുത്തി
'ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല...ഒരു സെക്കൻഡ് പോലും മറക്കുകയുമില്ല"- ഗാസയിൽ തുടരുന്ന ബന്ദികൾക്കുള്ള സന്ദേശമായി ഹിബ്രു ഭാഷയിൽ നെതന്യാഹു പറഞ്ഞു
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 47 പേർ കൊല്ലപ്പെട്ടു. ആകെ മരണം 65,500 കടന്നു