യു.എസ് നഗരത്തെ വിറപ്പിച്ച് രക്തദാഹിയായ അണ്ണാൻ !
ന്യൂയോർക്ക്: ആക്രമണകാരിയും 'രക്തദാഹി"യുമായ അണ്ണാൻ ഉണ്ട് സൂക്ഷിക്കൂക...! കാര്യം തമാശയല്ല. യു.എസിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ ജനങ്ങൾക്ക് അധികൃതർ നൽകുന്ന മുന്നറിയിപ്പാണിത്. കുറഞ്ഞത് അഞ്ച് പേരെയെങ്കിലും ഈ അണ്ണാൻ കടിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമായിരുന്നു.
ഇതോടെയാണ് അണ്ണാനെ കണ്ടാൽ അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുന്നേ അണ്ണാൻ മുഖത്തേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറയുന്നു. നടക്കാൻ ഇറങ്ങിയ തനിക്ക് നേർക്ക് അണ്ണാൻ നിലത്ത് നിന്ന് ചാടുകയായിരുന്നെന്ന് ലൂകാസ് വാലി സ്വദേശിനി ഇസബെൽ കാംപോയ് പറയുന്നു.
അതേ സമയം, പാവം അണ്ണാന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയം. ഏതായാലും പരിസ്ഥിതി പ്രവർത്തകർ അടക്കം അന്വേഷണം തുടങ്ങി.
2019ൽ സമാന സംഭവം അലബാമയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന മിക്കി പോൾക്ക് എന്നയാൾ മനുഷ്യർക്ക് നേരെ ആക്രമണം നടത്താൻ അണ്ണാനെ പരിശീലിപ്പിച്ചിരുന്നു. വീട്ടിൽ വളർത്തിയ അണ്ണാന് സ്ഥിരമായി മെത്താംഫെറ്റാമൈൻ നൽകി അക്രമകാരിയാക്കി മാറ്റുകയായിരുന്നു ഇയാൾ. തന്നെ പിടികൂടാൻ വരുന്നവരെ പ്രതിരോധിക്കാൻ വേണ്ടിയാണത്രെ ഇയാൾ ഇങ്ങനെ ചെയ്തത്. ഇയാളെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.