ഡോവലിനെതിരെ ഭീഷണിയുമായി പന്നൂൻ

Saturday 27 September 2025 7:09 AM IST

ഒട്ടാവ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ. കാനഡയിലോ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച പന്നൂൻ,​ ഡോവലിനായി കാത്തിരിക്കുകയാണെന്ന് ഭീഷണി മുഴക്കി.

കാനഡയിലെ ഒന്റേറിയോ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസലിനൊപ്പമുള്ള വീഡിയോയിലായിരുന്നു പന്നൂനിന്റെ ഭീഷണി. താൻ പുറത്തിറങ്ങിയെന്നും പന്നൂനിനെ പിന്തുണയ്ക്കുമെന്നും ഡൽഹിയെ ഖാലിസ്ഥാനാക്കുമെന്നും ഗോസലും അവകാശപ്പെട്ടു. ഭീകര പ്രവർത്തനം, തോക്കുകൾ കൈവശം വയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി ഈമാസം 19നാണ് ഗോസലിനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എസ് കേന്ദ്രമാക്കി പന്നൂൻ സ്ഥാപിച്ച നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഗോസലാണ്. ഇതിന് മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.