'ബന്ദികളെ തിരികെ കൊണ്ടുവരണം, സ്ഥിരം സമാധാനം സ്ഥാപിക്കണം' ഗാസ ചർച്ചകളെക്കുറിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഗാസ പ്രശ്നവുമായി ബന്ധപ്പെട്ട് മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറിയിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഗൗരവമായ ചർച്ചകൾ നടന്നുവരികയാണെന്നും അവ ലക്ഷ്യം കാണുന്നത് വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിൽ മദ്ധ്യേഷ്യയിലെ എല്ലാ രാജ്യങ്ങളും പങ്കുചേരുന്നുണ്ടെന്നും ഇസ്രായേലിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും ഹമാസ് ഈ ചർച്ചകളെക്കുറിച്ച് ബോധവാന്മാരാണെന്നും ട്രംപ് വ്യക്തമാക്കി. മുമ്പെങ്ങുമില്ലാത്തവിധം സമാധാനപരമായ സമവായത്തിന് എല്ലാവരും വലിയ താൽപ്പര്യവും സന്മനസ്സും കാണിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
'മരണത്തിന്റെയും ഇരുട്ടിന്റെയും കാലം കഴിയാൻ എല്ലാവരും ആഗ്രഹിക്കുന്നു. ചർച്ചയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ബന്ദികളെ തിരികെ കൊണ്ടുവരണം, അതോടൊപ്പം സ്ഥിരമായ സമാധാനം സ്ഥാപിക്കുകയും വേണം," ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഗാസ ചർച്ചകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങളിൽ നിന്ന് ട്രംപ് ഭരണകൂടം വ്യതിചലിക്കുന്നതിന്റെ സൂചനയായിട്ടാണ് വിശകലന വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
അതേ ദിവസം തന്നെ നെതന്യാഹു ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിക്കാൻ തയ്യാറെടുക്കുമ്പോൾ, ഭൂരിഭാഗം യുഎൻ പ്രതിനിധികളും ഹാളുകളിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പലസ്തീൻ രാജ്യം ഉണ്ടാക്കുന്നത് ദേശീയ ആത്മഹത്യക്ക് തുല്യമാണെന്ന് നെതന്യാഹു പ്രസംഗത്തിൽ പറഞ്ഞു. പലസ്തീൻ രാജ്യം സൃഷ്ടിക്കാൻ രണ്ട് രാജ്യങ്ങൾ എന്ന പരിഹാരം മുന്നോട്ട് വച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.