താ‌ർ അമിതവേഗതയിൽ ഡിവൈഡറിൽ ഇടിച്ച് അപകടം; അഞ്ച് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

Saturday 27 September 2025 12:05 PM IST

ന്യൂഡൽഹി: അമിതവേഗതയിലെത്തിയ താ‌ർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേ‌ർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4:30 ഓടെ ഗുഡ്ഗാവ് ദേശീയപാതയിലാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ ആറംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉത്തർപ്രദേശിൽ നിന്ന് ഗുഡ്ഗാവിലേക്ക് ജോലിക്കായി പോകുകയായിരുന്നു ഇവർ.

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അതിൽ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. നിലവിൽ ചികിത്സയിലുള്ള വ്യക്തിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.