'കിടിലൻ ബസ്! പക്ഷേ, ഡ്രൈവറുടെ പ്രവൃത്തി മാത്രം ശരിയായില്ല, നാടിന്റെ സ്വഭാവം കാട്ടി'; വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം
ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗ - ബരാബങ്കി - അയോദ്ധ്യ റൂട്ടിൽ ആദ്യമായി ഇലക്‌ട്രിക് ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ അതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബസിലെ ആധുനിക സംവിധാനങ്ങളെക്കുറിച്ചാണ് വീഡിയോ പകർത്തിയയാൾ കാണിക്കുന്നത്. എന്നാൽ, പാൻമസാല ചവച്ചുതുപ്പുന്ന ഡ്രൈവറെക്കുറിച്ചാണ് വരുന്ന കമന്റുകളെല്ലാം.
കാർത്തിക്ക് എന്നയാളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇയാൾ ബൈക്കിൽ ബസിനെ പിന്തുടരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് ബസ് നിർത്തുമ്പോൾ ഇയാൾ അതിൽ കയറുന്നു. ഡ്രൈവറോട് ബസ് ഏത് വഴിക്കാണ് പോകുന്നതെന്നും ചോദിക്കുന്നുണ്ട്. ലക്‌നൗ, അയോദ്ധ്യ, ബരാബങ്കി എന്നീ സ്ഥലങ്ങളുടെ പേര് ഡ്രൈവർ പറയുന്നുണ്ട്. പിന്നാലെ ബസിനുള്ളിലേക്ക് കയറിയ യുവാവ് പുതിയ സീറ്റുകളെല്ലാം കാണിക്കുന്നുണ്ട്.
പുത്തൻ ബസ് ആയതിനാൽ അതിന്റെ സീറ്റുകളെല്ലം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. വിശാലമായ ബസിനുള്ളിൽ യാത്രക്കാരൊന്നുമില്ല. പിന്നീട് ഇയാൾ പടികളിലൂടെ ഡബിൾ ഡെക്കർ ബസിന്റെ മുകളിലേക്ക് കയറുന്നുണ്ട്. അവിടെയും ധാരാളം സീറ്റുകളുണ്ട്. ഇതെല്ലാം കാണിച്ചശേഷം ബസിൽ നിന്ന് പുറത്തിറങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അറുപതിനായിരത്തിലധികം ലൈക്ക് കിട്ടി. 1.2 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും വന്നു. ഇതിൽ ഭൂരിഭാഗവും ഡ്രൈവറെക്കുറിച്ചാണ്. 'ബസല്ല, പാൻമസാലയാണ് ശാശ്വതമായത്', 'യഥാർത്ഥ യുപിക്കാരനാണെന്ന് ഡ്രൈവർ തെളിയിച്ചിരിക്കുകയാണ് ', 'ബസ് ശരിക്കും നല്ലതാണ്, പക്ഷേ, ഈ യുപിക്കാരൻ ഡ്രൈവർ ചെയ്യുന്നത് ശരിയല്ല', 'പൊതുഗതാഗതമല്ലേ, ബസിനുള്ളിൽ പുകയില നിരോധിക്കേണ്ടത് അത്യാവശ്യമാണ് ' - തുടങ്ങിയ നിരവധി കമന്റുകളാണുള്ളത്.