'ചാപ്‌ടർ 2 ഞാനാ മോനേ'; ലോകയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ച് വേഫെറർ ഫിലിംസ്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം ലോക: ചാപ്‌ടർ 1 ചന്ദ്ര അഞ്ചാം ആഴ്ചയിലേക്ക് കടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തിൽ 275 സ്‌ക്രീനിൽ ചിത്രം പ്രദർശനം തുടരുന്നു. ആഗോളതലത്തിൽ 275 കോടി കളക്ഷനാണ് ചിത്രം ഇതിനകം കരസ്ഥമാക്കിയത്. ഇപ്പോഴിതാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന പുതിയ വാർത്തയാണ് ദുൽഖർ സൽമാൻ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ലോക: ചാപ്‌ടർ 2 പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചാപ്‌ടർ 1ൽ ചാത്തന്റെ വേഷത്തിലെത്തുന്ന ടൊവിനോ തോമസ് ആയിരിക്കും ചാപ്‌ടർ 2വിൽ പ്രധാന കഥാപാത്രമെന്നാണ് സൂചന. ടൊവിനോയും ഒടിയൻ കഥാപാത്രമായ ദുൽഖറും തമ്മിലെ സംഭാഷണമാണ് പുതിയതായി പങ്കുവച്ചിരിക്കുന്ന വീഡിയോയിലുള്ളത്. ചാത്തന്റെ സഹോദരനായി എത്തുന്ന ഒരു പുതിയ കഥാപാത്രത്തെക്കുറിച്ചും അനൗൺസ്‌മെന്റ് ടീസറിൽ പറയുന്നുണ്ട്.
അതേസമയം, ലോക: ചാപ്‌ടർ 1 ചന്ദ്ര കല്യാണി പ്രിയദർശന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറുകയാണ്. നായകനായി നസ്‌ലെനുപുറമെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ചന്തു സലിംകുമാർ, അരുൺകുര്യൻ, സാൻഡി മാസ്റ്റർ, വിജയരാഘവൻ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, ശിവകാമി ശ്യാമപ്രസാദ്, സൗബിൻ ഷാഹിർ, ബാലുവർഗീസ്, അന്നബെൻ, അഹാന കൃഷ്ണ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ഒന്നാം ഭാഗത്തിൽ എത്തിയത്.
മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി ശബ്ദസാന്നിദ്ധ്യം അറിയിക്കുന്നു. മൂത്തോൻ ഒരു കഥാപാത്രമായി ലോകയുടെ തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ഡൊമിനിക് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, വേഫെറർ ഫിലിംസ് ആണ് വിതരണം.