'ട്രെയിൻ ബീഹാറിലെത്തിയതും എസി കോച്ചിലേക്ക് ടിക്കറ്റ് ഇല്ലാത്തവർ ഇരച്ചു കയറി': യാത്രയിലെ ദുരനുഭവം പങ്കുവച്ച് വനിതാ യാത്രിക
പാറ്റ്ന: ട്രെയിൻ യാത്രകൾ, പ്രത്യേകിച്ച് എസി കോച്ചുകളിലെ യാത്ര സൗകര്യപ്രദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, യാത്രക്കാരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള നിലവാരം പലപ്പോഴും എസി കോച്ചുകളിൽ പോലും ഉണ്ടാവാറില്ല. ഇത്തരത്തിൽ എസി കോച്ചിനുള്ളിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് കണ്ടന്റ് ക്രിയേറ്ററായ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയാകുന്നത്.
പാറ്റ്‌നയിൽ നിന്ന് തന്റെ മുത്തശ്ശന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആയുഷി രഞ്ജൻ എന്ന യുവതിക്കാണ് എ.സി കോച്ചിൽ ദുരനുഭവം ഉണ്ടായത്. ട്രെയിൻ പാറ്റ്‌ന സ്റ്റേഷനിൽ എത്തിയത് മുതൽ ദുരിതം ആരംഭിച്ചതായി ആയുഷി വീഡിയോയിൽ പറയുന്നു. ടിക്കറ്റില്ലാത്ത ആളുകൾ ഒരു മടിയുമില്ലാതെയാണ് എസി കംപാർട്ട്‌മെന്റുകളിലേക്ക് ഇരച്ചുകയറുന്നതെന്ന് ആയുഷി പറഞ്ഞു.
ട്രെയിൻ പാറ്റ്‌നയിൽ എത്തിയ ഉടൻ ടിക്കറ്റുള്ളവരുടെ കാര്യം മറന്നേക്കൂ. ടിക്കറ്റ് ഇല്ലാത്തവർ പോലും എസി കോച്ചുകളിലേക്ക് തിക്കിലും തിരക്കിലും കയറിവരുന്നത് കാണാൻ കഴിയുമെന്ന് ആയുഷി പറഞ്ഞു. സാധാരണയായി ലോവർ ബർത്ത് കിട്ടാറില്ല. എന്നാൽ ഇത്തവണ കിട്ടിയെങ്കിലും കോച്ചിനുള്ളിലെ അന്തരീക്ഷം വളരെ മോശമായിരുന്നുവെന്ന് ആയുഷി പറയുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ എന്ന നിലയിൽ ഈ യാത്ര ഒട്ടും സുരക്ഷിതമായിരുന്നില്ലെന്ന് ആയുഷി വ്യക്തമാക്കി. "ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന എനിക്ക് ട്രെയിനിൽ കയറാൻ എത്ര പ്രയാസമായിരുന്നോ അത്രതന്നെ പ്രയാസമായിരുന്നു അതിനകത്ത് അതിജീവിക്കാനും," അവർ പറഞ്ഞു. അകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി തനിക്ക് പലതവണ ശബ്ദമുയർത്തേണ്ടി വന്നതായും ആയുഷി പറയുന്നു.
തന്റെ സീറ്റിൽ വന്നിരുന്ന ഒരു യാത്രക്കാരി ഒഴിഞ്ഞുമാറാൻ കൂട്ടാക്കാതിരുന്ന അനുഭവവും അവർ പങ്കുവെച്ചു. " ഒരു വയസായ സ്ത്രീ എന്റെ സീറ്റിൽ വന്നിരുന്നു. മാറാൻ ആവശ്യപ്പെട്ടിട്ടും അവർ മാറിയില്ല. ഞാൻ അവരോട് കൂടുതൽ ഒന്നും പറയാനും നിന്നില്ല," ആയുഷി ഓർത്തെടുത്തു. ഇതിനെല്ലാം പുറമെ കോച്ചിന്റെ മോശം അവസ്ഥയും ആയുഷിയെ കൂടുതൽ അസ്വസ്ഥയാക്കിയെന്നും പറയുന്നുണ്ട്. "അകത്തെ ദുർഗന്ധം. ദൈവമേ! എനിക്ക് അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് എസി കോച്ച് തന്നെയാണോ എന്ന് ഒരു നിമിഷം ആലോലിച്ചു പോയി. എന്റെ പണം പാഴായിപ്പോയന്നെന്നാണ് തോന്നിയത്'. അവർ കൂട്ടിച്ചേർത്തു.
ബീഹാറികളെക്കുറിച്ച് നിലനിൽക്കുന്ന എല്ലാ മോശം ചിന്തകൾക്കും കാരണം നമ്മൾ തന്നെയാണ്. നിർഭാഗ്യവശാൽ അത് സത്യമാണെന്ന് തെളിയിക്കുന്നതും നമ്മൾ തന്നെയാണ്. കൂടാതെ, താൻ ഇത് ആരുടെയും നിർദ്ദേശപ്രകാരമല്ല പറയുന്നതെന്നും ആയുഷി വീഡിയോയ്ക്ക് അടികുറിപ്പായി കുറിച്ചിരുന്നു.