മാരുതിയുടെ കാറുകൾ വാങ്ങാൻ ജനം ഇടിച്ചുകയറുന്നതിന് ചില കാരണങ്ങൾ കൂടി, കിട്ടിയത് ഫുൾ മാർക്ക്

Saturday 27 September 2025 3:22 PM IST

മാരുതിയുടെ കാറുകൾക്കെതിരെ പൊതുവെയുളള ആരോപണം അവയ്ക്ക് സുരക്ഷ തീരെക്കുറവാണെന്നതാണ്. കാർ വാങ്ങുന്നവർ ഇപ്പോൾ പ്രധാനമായി നോക്കുന്നത് സുരക്ഷയാണ്. മൈലേജും കണക്ടിവിറ്റിയുമൊക്കെ പിന്നീടേ വരുന്നുള്ളൂ. ഇന്ത്യക്കാരുടെ മാറിയ അഭിരുചി നന്നായി മനസിലാക്കിയ മാരുതി സുസുക്കി അവരുടെ കാറുകളുടെ നിലവാരം അതിനനുസരിച്ച് ഉയർത്തുകയും ചെയ്തു. ഭാരത് എൻസിഎപി, ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളിൽ 5 സ്റ്റാർ ലഭിച്ച ഒന്നിലധികം മോഡലുകളാണ് മാരുതി സുസുക്കി വിപണിയിൽ എത്തിച്ചിരിക്കുന്നത്. സുരക്ഷയ്‌ക്കൊപ്പം മൈലേജിലും കണക്ടിവിറ്റിയിലും ഇവ മുന്നിൽത്തന്നെയാണ്. 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച മൂന്നുമോഡലുകളെ പരിചയപ്പെടാം.

ഡിസയർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനാണ് മാരുതി സുസുക്കി ഡിസയർ. ഇടിപ്പരീക്ഷയിൽ മാരുതി കുടുംബത്തിൽ നിന്ന് ആദ്യമായി 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച മോഡലാണ് ഡിസയർ. മുതിർന്നവർക്കുള്ള സുരക്ഷയിൽ 29.46/32 ഉം ചൈൽഡ് പ്രൊട്ടക്ഷനിൽ 41.57/49 സ്കോറുകളാണ് ഡിസയർ നേടിയത്. ഐസോഫിക്‌സ് ആങ്കറുകൾ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, ഡ്യുവൽ എയർബാഗുകൾ, സൈഡ് ഹെഡ് കർട്ടൻ എയർബാഗുകൾ, പെഡസ്ട്രിയൻ സംരക്ഷണം (കാൽനട സംരക്ഷണം) എന്നിവയിലൂടെ കോംപാക്റ്റ് കാറുകൾക്ക് വലിയ സുരക്ഷ നൽകാൻ കഴിയുമെന്ന് ഡിസയർ തെളിയിക്കുകയാണ്.

വിക്ടോറിയസ്

മാരുതി പുതുതായി പുത്തിറക്കിയ എസ്‌യുവിയായ വിക്ടോറിയസും സുരക്ഷയിൽ മുന്നിൽത്തന്നെയാണ്. ഗ്ലോബൽ എൻസിഎപി ടെസ്റ്റിൽ മുതിർന്നവർക്കുള്ള സുരക്ഷയിൽ 33.72/34ഉം ചൈൽഡ് പ്രൊട്ടക്ഷനിൽ 41/49 സ്കോറാണ് വിക്ടോറിയസ് നേടിയത്. ഭാരത് എൻസിഎപിയിൽ മുതിർന്നവരുടെ സംരക്ഷണത്തിന് 32 ൽ 31.66 ഉം കുട്ടികളുടെ സുരക്ഷയിൽ 49 ൽ 43 ഉം വിക്ടോറിസ് നേടി. സൈഡ് ഇംപാക്ട് ടെസ്റ്റുകളിൽ മികവ് പുലർത്തി. സ്റ്റാൻഡേർഡ് സുരക്ഷയിൽ ആറ് എയർബാഗുകൾ, ESP, EBD ഉള്ള ABS, ഹിൽ-ഹോൾഡ് അസിസ്റ്റ്, TPMS, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ പോലുള്ള ADAS ലെവൽ 2 ഫീച്ചറുകൾ ടോപ്പുകളും വിക്ടോറിയസിനെ മികച്ചതാക്കുന്നു.

ഇൻവിക്ടോ

മാരുതിയുടെ ഇന്നാേവ എന്ന് വിളിപ്പേരുള്ള ഇൻവിക്ടോയും ഇടിപ്പരീക്ഷയിൽ 5 സ്റ്റാർ റേറ്റിംഗ് പുഷ്പംപോലെ സ്വന്തമാക്കി. മുതിർന്നവരുടെ സുരക്ഷയിൽ 30.43/32 ഉം കുട്ടികളുടെ സംരക്ഷണത്തിൽ 45/49 പോയിന്റുകൾ നേടിയാണ് 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയത്. മികച്ച പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇൻവിക്ടോയിൽ ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ESP, TPMS, ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയുണ്ട്. 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇ-കോൾ പ്രവർത്തനക്ഷമതയുള്ള സുസുക്കി കണക്റ്റ് എന്നിവ സുരക്ഷ വർദ്ധിപ്പിക്കുന്നു. 24.97 ലക്ഷം രൂപ മുതലാണ് ഇൻവിക്ടോയുടെ വില തുടങ്ങുന്നത്.