'പ്രിയങ്ക ഗാന്ധിയെ ഞാൻ ചുംബിക്കട്ടെ'?; ബിജെപി മന്ത്രിയുടെ പരാമർശം വിവാദത്തിൽ, പ്രതിഷേധവുമായി കോൺഗ്രസ്
ഭോപ്പാൽ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ച് അധിക്ഷേപ പരാമർശം നടത്തി മദ്ധ്യപ്രദേശ് ക്യാബിറ്റ് മന്ത്രി വിജയ് ഷാ. സഹോദരങ്ങൾ പരസ്യമായി സ്നേഹപ്രകടനങ്ങൾ നടത്തുന്നതിനെ മദ്ധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്വർഗീയ വിമർശിച്ചതിന് പിന്തുണ നൽകുകയായിരുന്നു വിജയ് ഷാ.
'ഇത് നമ്മുടെ സംസ്കാരമല്ല. നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമൊന്നും ഇത് പഠിപ്പിക്കുന്നില്ല. നിങ്ങൾ പഠിച്ച കാര്യങ്ങൾ സ്വന്തം വീട്ടിൽ ചെയ്യൂ, മറിച്ച് പൊതുസ്ഥലത്തല്ല അവ കാണിക്കേണ്ടത്. അവർ എന്റെയും യഥാർത്ഥ സഹോദരിയാണ്. ഞാൻ അവരെ പൊതുസ്ഥലത്തുവച്ച് ചുംബിക്കട്ടെ? ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും നമ്മളെ അങ്ങനെ പഠിപ്പിക്കുന്നില്ല'- എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്. മദ്ധ്യപ്രദേശിലെ കാന്ദ്വയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മേയിൽ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിജയ് ഷാ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'നമ്മുടെ പെൺമക്കളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരെ നഗ്നരാക്കി നശിപ്പിക്കാൻ അവരുടെ സഹോദരിമാരെ അയയ്ക്കുന്നു' എന്നാണ് കേണൽ സോഫിയ ഖുറേഷിയെ ഉദ്ദേശിച്ചുകൊണ്ട് വിജയ് ഷാ പറഞ്ഞത്. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയതിന് പിന്നാലെ മന്ത്രി മാപ്പ് പറയുകയും ചെയ്തു.
ഷായുടെ പുതിയ പരാമർശത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രവർത്തകർ വിജയ്വർഗീയയുടെ കോലം കത്തിച്ചു. 'അധിക്ഷേപകരവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്ന ബിജെപി മന്ത്രിമാർക്കെതിരെ നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണ്'- എന്ന് കോൺഗ്രസ് വക്താവ് കെ കെ മിശ്ര പറഞ്ഞു. ഇരുമന്ത്രിമാരും രാജിവയ്ക്കണമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പത്വാരി ആവശ്യപ്പെട്ടു.