കടമക്കുടിയിൽ കറങ്ങാൻ ഇതാ മറ്റൊരു കാരണംകൂടി, ഇനി സഞ്ചാരികൾ ഒഴുകിയെത്തും
കൊച്ചി: പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനെത്തുടർന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ കടമക്കുടി കറങ്ങിക്കാണാൻ സഞ്ചാരികളെക്കാത്ത് രണ്ടാമത്തെ സോളാർ വൈദ്യുത ബോട്ടെത്തി. ഇന്നത്തെ ആഗോള ടൂറിസ ദിനാഘോഷത്തിന് മുന്നോടിയായി ഇന്നലെ (വെള്ളി) പാസ് നാസ് ഇൽഹാസ് എന്നു പേരിട്ട ഹൈബ്രിഡ് ബോട്ട് കടമക്കുടി നിഹാര ജെട്ടിയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഫ്‌ളാഗ് ഓഫ് ചെയ്തു.കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ട്രോപിക് ഗെറ്റെവേയ്‌സ് സി.ഇ.ഒ വിശാൽ കോശി എന്നിവർ പങ്കെടുത്തു.
സുസ്ഥിര ടൂറിസം രംഗത്തെ സ്റ്റാർട്ടപ്പായ ട്രോപിക് ഗെറ്റെവേയ്‌സ് കടമക്കുടിയിൽ സർവീസ് ആരംഭിച്ച രണ്ടാമത്തെ ഹൈബ്രിഡ് ബോട്ടാണ് പാസ് നാസ് ഇൽഹാസ്. പോർച്ചുഗീസ് ഭാഷയിൽ ദ്വീപുകളിൽ സമാധാനം എന്നാണ് വാക്കിനർത്ഥം. പതിനാറാം നൂറ്റാണ്ടിൽ കടമക്കുടിയിലെ ഒരു ദ്വീപിന് പാസ്ന ഇൽഹ എന്നു പേരിട്ടിരുന്നു. ഇതാണ് പിന്നീട് പിഴലയായതെന്ന് ട്രോപിക് ഗെറ്റെവേയ്‌സ് സി.ഇ.ഒ വിശാൽ കോശി പറഞ്ഞു.
നടത്തങ്ങൾ, കയാക്കിംഗ്, ഇ ബൈക്കിംഗ്, ആദിവാസി സന്ദർശനം തുടങ്ങിയ സുസ്ഥിര ടൂറിസം പദ്ധതികൾ നടപ്പാക്കുന്ന സ്റ്റാർട്ടാപ്പായ ട്രോപിക് ഗെറ്റെവേയ്‌സ് കടമക്കുടി, മാമലക്കണ്ടം, തൃപ്രയാർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.