അടിച്ച് ഓഫായി ടാങ്കർലോറി ദേശീയ പാതയുടെ നടുവിൽ നിർത്തി കിടന്നുറങ്ങി, ഡ്രൈവർ പിടിയിൽ

Saturday 27 September 2025 4:43 PM IST

കാസർകോട്: മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി കിടന്നുറങ്ങിയ ഡ്രൈവർ പിടിയിലായി.തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിക്കുകയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ലോറി റോഡിൽ നിന്ന് മാറ്റിയിടുകയുമായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.