വായിൽ കല്ലും ചുണ്ടിൽ പശയും; നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച അമ്മയും മുത്തച്ഛനും അറസ്റ്റിൽ

Saturday 27 September 2025 4:45 PM IST

ജയ്പുർ: വായിൽ കല്ലുകൾ തിരുകി, ചുണ്ടുകൾ പശ വച്ച് ഒട്ടിച്ച നിലയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്ത് പൊലീസ്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. മറ്റൊരു ബന്ധത്തിൽ പിറന്ന കുഞ്ഞായതിനാലാണ് പ്രതികൾ കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.

സമുദായത്തിൽ നിന്ന് വിലക്ക് ഉണ്ടാകുമോ എന്ന ഭയം കാരണമാണ് യുവതി തന്റെ പിതാവുമായി ചേ‌ർന്ന് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. പ്രസവത്തിനായി ഇവർ രാജസ്ഥാനിലെ ബുണ്ടിയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. നിലവിൽ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് കുഞ്ഞ് പിറന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞ് യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധനകൾ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കന്നുകാലി മേയ്ക്കാൻ വന്നയാളാണ് കുഞ്ഞിനെ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓക്സിജൻ സഹായം നൽകുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായിട്ടാണ് ഡോക്ടർമാർ അറിയിച്ചത്.