കാറിൽ ഡോക്‌ടർമാരുടെ സ്റ്റിക്കർ പതിച്ച് കടത്ത്; 45 കിലോ കഞ്ചാവുമായി ബംഗാളികൾ പിടിയിൽ
Saturday 27 September 2025 4:57 PM IST
കൊച്ചി: ഡോക്‌ടറുടെ സ്റ്റിക്കർ പതിച്ചുള്ള കാറിൽ കഞ്ചാവുകടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. എറണാകുളം കാലടിക്കടുത്ത് മാണിക്കമംഗലത്താണ് സംഭവം. യുവാക്കളിൽ നിന്ന് 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ ബംഗാൾ സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായി. പശ്ചിമബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ളാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് വാടകയ്ക്കെടുത്ത കാറാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. കാറിന്റെ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസിനെ കബളിപ്പിക്കാനാണ് ഡോക്‌ടർമാർ ഉപയോഗിക്കുന്ന തരത്തിലെ സ്റ്റിക്കർ വാഹനത്തിൽ പതിച്ചിരുന്നത്. പെരുമ്പാവൂർ എഎസ്‌പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. കേസിൽ കൂടുൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് വ്യക്തമാക്കി.