പുതിയ ട്രാൻ.ബസുകൾ ജില്ലയ്ക്ക് പേരിന് മാത്രം.... അവഗണനയുടെ ഡബിൾ ബെൽ
കോട്ടയം : കെ.എസ്.ആർ.ടി.സിയ്ക്ക് പുതിയ ബസുകൾ അനുവദിച്ചപ്പോൾ ജില്ലയും ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കിട്ടിയത് നാമമാത്രം. ഒപ്പം നിലവിലുള്ളവ കൊണ്ടുപോയി. ഇതോടെ ദീർഘദൂര യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. കോട്ടയം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾക്ക് മാത്രമാണ് ബസുകൾ ലഭിച്ചത്. കോട്ടയം ഡിപ്പോയ്ക്ക് രണ്ട് സ്ലീപ്പർ ബസുകളും ഒരു ലിങ്ക് ബസുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രാതിരക്ക് കണ്ട് ഓണസീസണിൽ ബംഗളൂരു സ്‌പെഷ്യൽ സർവീസിനായി കൊണ്ടുവന്ന രണ്ട് സ്ലീപ്പർ ബസുകളും പോയി. നിലവിൽ ഡിപ്പോയിൽ നിന്ന് 5.30ന് സർവീസ് ആരംഭിക്കുന്ന ബംഗളൂരു ബസുകൾക്ക് പകരമായി രണ്ട് പുതിയ സ്ലീപ്പർ അനുവദിച്ചു. ഇതേ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് ഗരുഡ ബസുകൾ ആലുവയിലെ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി. പുതിയതായി ലഭിച്ച ലിങ്ക് ബസ് കോട്ടയം - ബൈസൺവാലി റൂട്ടിലാണ് സർവീസ്. കാലപ്പഴക്കമേറിയ ബസുകൾ കൊണ്ടു മാത്രം സർവീസ് നടത്തേണ്ട ഗതികേടിലാണ് മിക്ക ഡിപ്പോകളും. മുടക്കമില്ലാതെ ഓടുന്നുണ്ടെങ്കിലും ബസുകളുടെ ശോച്യാവസ്ഥ മൂലം യാത്രക്കാർ മുഖം തിരിക്കുന്നു.
വരുമാനമുണ്ടായിട്ടും, ബസുകൾക്ക് അവശത രണ്ട് ബസുകൾ നൽകിയപ്പോൾ നിലവിലുണ്ടായിരുന്ന രണ്ടെണ്ണം പാലാ ഡിപ്പോ മാറ്റി. ഓണക്കാലത്ത് രണ്ട് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നൽകിയത്. മൈസൂർ സ്‌പെഷ്യൽ സർവീസായി പുതിയ വണ്ടികൾ ഓടി. ഏറെ വരുമാനമുള്ള സർവീസുകൾ കാലപ്പഴക്കമേറിയ ബസ് ഉപയോഗിച്ചാണ് നടത്തുന്നത്. രണ്ട് പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഡിപ്പോയ്ക്ക് അനുവദിച്ചു. ഈരാറ്റുപേട്ടയിൽ സ്വിഫ്റ്റ് ബസുകൾ ഇറങ്ങിയപ്പോൾ ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്ന പരാതിയ്ക്കു പരിഹാരമായി കോയമ്പത്തൂർ റൂട്ടിൽ ഒരു ബസ് ലഭിച്ചു. വൈക്കം ഡിപ്പോയിലും പഴയ ബസുകളാണ് സർവീസ് നടത്തുന്നത്.
ചങ്ങനാശേരിയെ തഴഞ്ഞു ചങ്ങനാശേരി ഡിപ്പോയുടെ ഹിറ്റായ വേളാങ്കണ്ണി റൂട്ടിലും പുതിയ ബസ് അനുവദിച്ചില്ല
സൂപ്പർ എക്‌സ്പ്രസിൽ നിന്നു മാറി സ്വിഫ്റ്റ് ബസാണ് ഇപ്പോൾ സർവീസ് നടത്തുന്നത്
ബസ് സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാൽ പുതിയ ബസുകൾ അനുവദിക്കുന്നില്ല
മലയോരത്തിന് നിരാശ
ഓപ്പറേറ്റിംഗ് സെന്ററായ എരുമേലിയും അവഗണനയിലാണ്. കൊട്ടിയൂർ ഉൾപ്പെടെ ഡിപ്പോയുടെ നെടുംതൂണായ സർവീസുകൾ പലതും പഴയ ബസുകൾക്കൊണ്ടാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് ഏതാനും നാൾ മുമ്പ് കൊണ്ടു പോയ ബസ് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. പുതിയതും അനുവദിച്ചില്ല.
''ഭൂരിഭാഗം ബസുകൾക്കും തകരാർ തുടർക്കഥയാണ്. ദീർഘദൂരയാത്രക്കാർക്ക് ആശ്വാസമേകി കൂടുതൽ ബസുകൾ ജില്ലയ്ക്ക് അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പഴകിയ ബസുകൾ മാറ്റി പുതിയത് എത്തിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം.
യാത്രക്കാർ